യുവതിയുടെ മുഖം നായ് കടിച്ചു മുറിച്ചു; ഏഴുപേർക്ക് കടിയേറ്റു
text_fieldsആറ്റിങ്ങൽ: ആലംകോട് മേഖലയിൽ പേ വിഷ ബാധ ഉണ്ടെന്ന് സംശയിക്കുന്ന നായുടെ കടിയേറ്റ് ഏഴു പേർക്ക് പരിക്ക്. യുവതിയുടെ മുഖം കടിച്ചു വികൃതമാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. 31ാം വാർഡിൽ മാവിള ഗണപതിനടയിൽ ഓട്ടിസം ബാധിച്ച അശ്വതിയുടെ ചുണ്ടും മൂക്കും നായ് കടിച്ചെടുത്തു. കുന്നുവിള വട്ടവിളവീട്ടിൽ ആറു വയസ്സുള്ള കുട്ടിയുടെ തോളിൽ കടിച്ചു. മാവിള വീട്ടിൽ ഷിബുവിനെയും കടിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
രണ്ടാം വാർഡിൽ നാലു പേരും ഇതേ നായുടെ ആക്രമണത്തിന് ഇരയായി. നായ് ഈ പ്രദേശത്തുതന്നെ ഇപ്പോഴുമുണ്ട്. ഇത് ജനങ്ങളെ കൂടുതൽ ആശങ്കാകുലരാക്കുന്നു. ആലംകോട്, മേലാറ്റിങ്ങൽ, പൂവൻപാറ പ്രദേശങ്ങളിൽ നൂറുകണക്കിന് നായ്ക്കൾ അലഞ്ഞു നടക്കുന്നുണ്ട്. അക്രമകാരിയായ നായ് പേവിഷ ബാധ ഉള്ളതാണെങ്കിൽ പ്രദേശത്ത് അലയുന്ന നൂറു കണക്കിന് ഇതരനായ്ക്കൾക്കും ഇതു പകരാനുള്ള സാധ്യത കൂടുതൽ ആണ്.
ആറ്റിങ്ങൽ നഗരസഭ അഞ്ചുവർഷം മുമ്പ് തെരുവുനായ് വന്ധ്യംകരണം നടത്തിയിരുന്നു. തോന്നയ്ക്കൽ സായി ഗ്രാമത്തിന്‍റെ സഹായത്തോടെയാണ് ഇതു ചെയ്തിരുന്നത്. ഇതിന്‍റെ തുടർച്ച ഉണ്ടാകാത്തത് തെരുവുനായ്ക്കൾ പെരുകുന്നതിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.