സ്വപ്നം പൂവണിഞ്ഞു, ആറ്റിങ്ങലിൽ സിന്തറ്റിക് ട്രാക്ക് പൂർത്തിയായി
text_fieldsആറ്റിങ്ങൽ: കായിക വികസന രംഗത്തെ പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമായ സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്നം യാഥാർഥ്യമായി. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലാണ് ട്രാക്ക് ഒരുക്കിയത്. കായിക വകുപ്പിൽ നിന്നുള്ള 9.25 കോടി ചെലവിട്ടുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 400 മീറ്റർ ട്രാക്ക് ഒരുങ്ങിയത്. സിന്തറ്റിക് ട്രാക്ക് പൂർത്തിയാക്കി സുരക്ഷാ വേലിയും സ്ഥാപിച്ചു.
ശ്രീപാദം സ്റ്റേഡിയം മൈതാനമായിരുന്ന കാലം മുതൽ സിന്തറ്റിക് ട്രാക്ക് എന്ന ആവശ്യം കായിക പരിശീലകർ ഉയർത്തിയിരുന്നു. സ്കൂൾ വിദ്യാർഥികളിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം നടത്തിയ നിരവധി കുട്ടികൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ആധുനിക പരിശീലന സംവിധാനങ്ങളുടെ അപര്യാപ്തത അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. തുടർന്നാണ് സിന്തറ്റിക് ട്രാക്ക് എന്ന ആവശ്യം കായിക പ്രേമികൾ ഉയർത്തിയത്.
സ്റ്റേഡിയം സ്പോർട്സ് കൗൺസിൽ ഏറ്റെടുക്കുകയും വികസനങ്ങൾ വരുകയും ചെയ്തെങ്കിലും സിന്തറ്റിക് ട്രാക്ക് യാഥാർഥ്യമായില്ല. ദേശീയ ഗെയിംസ് ഫണ്ടിന്റെ പിൻബലത്തിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും പ്രാഥമിക ആവശ്യമായിരുന്ന ട്രാക്ക് യാഥാർഥ്യമാകാൻ വൈകി.
സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നാണ് ശ്രീപാദം സ്റ്റേഡിയം. ഫുട്ബാൾ ഗ്രൗണ്ടും 400 മീറ്റർ സിന്തറ്റിക് ട്രാക്കും ഇൻഡോർ ബോക്സിങ് റിങ്ങും ജിംനേഷ്യവുമാണ് ഇവിടെ ശ്രദ്ധാകേന്ദ്രങ്ങൾ. ഇൻഡോർ സ്റ്റേഡിയത്തിൽ ബോക്സിങ്, ഗുസ്തി, തായ്ക്വാൻഡോ എന്നീ മത്സരങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ നടത്തൻ കഴിയും. ഇതുകൂടാതെ മുഖ്യ ഗ്രൗണ്ടിനു പുറത്ത് ഖോ-ഖോ പരിശീലനത്തിനുള്ള ചെറിയ ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.
മുഖ്യ ഗ്രൗണ്ടിൽ 1.5 കോടി രൂപ ചെലവിട്ട് ഫുഡ്ബാൾ ഗ്രൗണ്ട് സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക സംവിധാനത്തോടെയുള്ള ഗ്രൗണ്ടാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കോവിഡ് ലോക് ഡൗൺ കാലത്ത് സംരക്ഷണമില്ലാതെ ഗ്രൗണ്ടിൽ നട്ടിരുന്ന പുല്ലിൽ കുറേ നശിച്ചുപേയി. ഇത് പുനഃസ്ഥാപിക്കുന്നതോടെ ഫുഡ് ബാൾ ഗ്രൗണ്ട് പരിശീലനത്തിനും മത്സരങ്ങൾക്കും ഉപയോഗപ്രദമാകും. സിന്തറ്റിക് ട്രാക്കിന് മാത്രം ഏഴുകോടി രൂപയാണ് ചെലവിട്ടത്.
110 മീറ്റർ ഹർഡിൽസ്, 100 മീറ്റർ ഓട്ടം എന്നിവക്കുള്ള ക്രമീകരണങ്ങളും സ്റ്റോഡിയത്തിലുണ്ട്. ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവക്കായി നാല് പിറ്റുകൾ മണൽ നിറച്ച് സജ്ജമാക്കിക്കഴിഞ്ഞു. ജാവൽ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങൾ നടത്താനുള്ള സൗകര്യവും സ്റ്റേഡിയത്തിലുണ്ട്.
120 കായിക വിദ്യാർഥികൾക്ക് സൗജന്യമായി താമസിച്ച് പരിശീലനം നടത്താനുള്ള ഹോസ്റ്റൽ സംവിധാനങ്ങൾ ഇവിടെയുണ്ട്. സ്റ്റേഡിയത്തിന്റെ ഒരുഭാഗത്തെ മൺതിട്ട ട്രാക്കിന് അപകട ഭീതിയുയർത്തുന്നു. മണ്ണിടിഞ്ഞാൽ കോടികൾ ചെലവിട്ട് നിർമിച്ച സിന്തറ്റിക് ട്രാക്ക് തകരും. ഇവിടെ സംരക്ഷണ മതിൽ കെട്ടി മണ്ണിടിച്ചിൽ തടയാനുള്ള നടപടി കൂടി വേണമെന്ന് പരിശീലകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.