ബോട്ടുകൾ പിടിച്ചെടുത്തു; അഞ്ചുതെങ്ങിൽ കടലിലും കരയിലും സംഘർഷാവസ്ഥ
text_fieldsആറ്റിങ്ങൽ: നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നെന്ന് ആരോപിച്ച് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടുകൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ അഞ്ചുതെങ്ങ് തീരത്ത് സംഘർഷം. ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നെന്ന പരാതിയെതുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പുകൾ സംയുക്തമായാണ് രാവിലെ ഏഴോടെ കടലിൽ റെയ്ഡ് നടത്തിയത്.
നിയന്ത്രണം ലംഘിച്ചെന്ന് കണ്ടെത്തിയ മൂന്ന് താങ്ങുവല വള്ളങ്ങൾ മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർ വള്ളത്തിൽ കയറുകയും ചെയ്തു. സംഭവമറിഞ്ഞ് കൂടുതൽ വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ സംഘടിച്ചു. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വള്ളം വിഴിഞ്ഞം ഹാർബറിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു.
ഇത് ലംഘിച്ച് ഉദ്യോഗസ്ഥരെയുംകൊണ്ട് വള്ളം മുതലപ്പൊഴി ഹാർബറിലേക്ക് തിരിച്ചു. എന്നാൽ, അടുത്തുള്ള ഹാർബർ എന്ന നിലയിലും വിഴിഞ്ഞം വരെ പോകാൻ ഇന്ധനം ഉണ്ടാകുമോ എന്ന സംശയം മൂലവുമാണ് മുതലപ്പൊഴിയിലെത്തിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബോട്ട് പിടിച്ചെടുക്കാനാകില്ലെന്നും തങ്ങൾ നിയമം ലംഘിച്ചില്ലെന്നും അവർ വാദിച്ചു.
എന്നാൽ, നിയന്ത്രണം ലംഘിച്ചെന്നും രണ്ടു ലക്ഷം രൂപയോളം പിഴ ഒടുക്കണമെന്നും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതിൽ പ്രകോപിതരായ തൊഴിലാളികൾ സംഘടിച്ച് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞുവെച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഡിവൈ.എസ്.പി അജിത് കുമാർ ഉൾപ്പടെ ഫിഷറീസ്, പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹാർബർ ലേലപ്പുരയിൽ തടഞ്ഞത്. വിഷയം ചർച്ചചെയ്യാമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ വിട്ടയച്ചു.
ഇതിനിടെ 500 ഓളം തൊഴിലാളികൾ തീരദേശ പാത ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസ് മുതലപ്പൊഴിയിൽ എത്തി. കഠിനംകുളം, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്ട്രൈക്സ് ടീമും സുരക്ഷ ഉറപ്പാക്കി.
കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഫിഷറീസ് ഉദ്യോഗസ്ഥരും പൊലീസും തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ പിടിയിലായ വള്ളങ്ങൾക്ക് പിഴ ഈടാക്കുമെന്ന നിലപാടിൽ ഉദ്യോഗസ്ഥർ ഇറച്ചുനിന്നു. ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. തങ്ങൾ ദൂരപരിധി ലംഘിച്ചില്ലെന്നും പൊലീസ് നടപടി ഏകപക്ഷീയമാണെന്നും തൊഴിലാളികൾ പറഞ്ഞു.
ചർച്ച ഒത്തുതീർപ്പാകാതെ പിരിഞ്ഞു. പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയർന്നു. തീരദേശ പാത ഉപരോധം തുടർന്നപ്പോൾ കലക്ടറേറ്റിൽ ചർച്ച നടത്താമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ധാരണയിൽ സമരം അവസാനിപ്പിച്ചു. കലക്ടറേറ്റിൽ നടന്ന ചർച്ചയിലും ഒത്തുതീർപ്പുണ്ടായില്ല. വ്യാഴാഴ്ച മുതൽ ശക്തമായ സമരം ആരംഭിക്കുമെന്ന് താങ്ങുവല വള്ളം ഉടമകളുടെ സംഘടന അറിയിച്ചു.
ട്രോളിങ് നിരോധനം: കടൽ പട്രോളിങ്ങും സുരക്ഷയും ശക്തമാക്കി
തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയിൽ കടൽ പട്രോളിങ്ങും സുരക്ഷ നടപടികളും ഊർജിതമാക്കി ഫിഷറീസ് വകുപ്പ്. മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ, വിഴിഞ്ഞം എന്നിവിടങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി.
നിയമം ലംഘിച്ചും അശാസ്ത്രീയമായും മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ കണ്ടെത്താനും മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതുൾപ്പെടെ തടയാനുമാണ് പരിശോധന. നിയമലംഘനം കണ്ടെത്തിയാൽ കെ.എം.എഫ്.ആർ ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.
ജില്ലയിൽ മൺസൂൺകാല കടൽ രക്ഷാപ്രവർത്തനം നടത്താൻ നിലവിൽ രണ്ട് ജീവൻ രക്ഷാബോട്ടുകളും ഒരു ഫൈബർ വള്ളവും വകുപ്പിനുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച 21 റെസ്ക്യൂ ഗാർഡുമാരെയും വിന്യസിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും ഫിഷറീസ് ഡയറക്ടറേറ്റിലെ മാസ്റ്റർ കൺട്രോൾ റൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റീജിയണൽ കൺട്രോൾ റൂമും വിഴിഞ്ഞത്ത് സജ്ജമാക്കി.
അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനും പ്രാഥമിക ചികിത്സ നൽകാനുമായി ജീവൻരക്ഷ സംവിധാനങ്ങളടങ്ങിയ ‘പ്രതീക്ഷ’ മറൈൻ ആംബുലൻസും പ്രവർത്തനസജ്ജമാണ്. ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാൻ മുതലപ്പൊഴി, വിഴിഞ്ഞം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ ജനപ്രതിനിധികളെയും പൊലീസ്, ആരോഗ്യം, വാട്ടർ അതോറിറ്റി, നഗരസഭ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രാദേശിക സമിതികളും രൂപവത്കരിച്ചു. കൺട്രോൾ റൂം നമ്പർ: 0471 2480335.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.