കൺസഷൻ ചാർജ് തോന്നുംപടി; ബസുകളിൽ വിദ്യാർഥി പീഡനവും
text_fieldsആറ്റിങ്ങല്‍: വിദ്യാർഥി കൺസഷൻ സർക്കാർ തീരുമാനിച്ചത് ഒന്ന്, ബസുകാർ ഈടാക്കുന്നത് മറ്റൊന്ന്. ബസുകാർ നിശ്ചയിച്ച അമിത നിരക്ക് ഔദ്യോഗിക നിരക്കായ അവസ്ഥയാണ്. കണ്സഷന് തോന്നിയ പടിയാണ് ഈടാക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം നിരക്ക് ഒരു രൂപയാണ്. ഈ ഒരു രൂപയില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ബസുകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. 10 രൂപ വരെയുള്ള ഫുള്‍ചാര്‍ജിന് രണ്ടു രൂപയാണ് കണ്സഷന് നിരക്ക്. ഭൂരിപക്ഷം ബസുകളിലും അഞ്ചുരൂപ കൊടുക്കേണ്ടിവരും. 10 രൂപക്ക് മുകളില്‍ 17 രൂപവരെ ഫുള്‍ചാര്‍ജ് കൊടുക്കേണ്ട ദൂരത്തിന് മൂന്നു രൂപയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍, സ്വകാര്യ ബസുകളില്‍ കുട്ടികള്‍ 10 രൂപ കൊടുത്താണ് ഈ ദൂരത്തില്‍ യാത്ര ചെയ്യുന്നത്.
ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ രാവിലെ ട്യൂഷന് സെന്ററിലേക്കും അവിടെ നിന്ന് സ്കൂളിലേക്കും പോകുന്നതിന് മൂന്നും നാലും ബസുകളില്‍ യാത്ര ചെയ്യേണ്ടിവരുന്നു.
ഓരോ ബസിലും 10 രൂപ വീതം നൽകേണ്ടിവരുന്നത് നിമിത്തം കുട്ടികളുടെ യാത്രച്ചെലവിന് മാത്രം നൂറുരൂപയോളം ദിവസവും കണ്ടെത്തേണ്ട ഗതികേടിലാണ് രക്ഷാകർത്താക്കള്. പരാതികളെത്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ സ്വകാര്യബസുകളെ ആശ്രയിക്കുന്ന മേഖലയാണ് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍. പല റൂട്ടുകളിലും കെ.എസ്.ആര്.ടി.സി. ബസുകള്‍ പേരിനുപോലുമില്ല.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ഗവ.ബി.എച്ച്.എസ്.എസ് അധികൃതര്‍ മോട്ടോര്‍വാഹനവകുപ്പിന് പരാതി നൽകി. തുടര്‍ന്നാണ് അധികൃതര്‍ പരിശോധന ആരംഭിച്ചത്. സ്റ്റാന്‍ഡില്‍ ബസ് പിടിക്കുമ്പോള്‍ കുട്ടികള്‍ കയറാന്‍ ചെന്നാല്‍ ചില ബസുകളിലെ ജീവനക്കാര്‍ കയറാന്‍ അനുവദിക്കാറില്ല.
മുതിര്‍ന്ന യാത്രക്കാരെല്ലാം കയറിയ ശേഷമാണ് കുട്ടികളെ കയറാന്‍ അനുവദിക്കുന്നത്. ശകാരങ്ങൾ കേള്‍ക്കേണ്ടിവരുന്നതായി കുട്ടികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.