കടത്തുവള്ളം നിലച്ചു; വാമനപുരം നദിയുടെ ഇരുകരയിലുമുള്ളവർ ദുരിതത്തിൽ
text_fieldsആറ്റിങ്ങൽ: കടത്തുസർവിസ് നിലച്ചതോടെ വാമനപുരംനദിയുടെ ഇരുകരയിലുള്ള ജനങ്ങൾ പ്രതിസന്ധിയിൽ. കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടള കടവിനെയും ആറ്റിങ്ങൽ നഗരസഭയിലെ മുള്ളിയിൽകടവിെനയും ബന്ധിപ്പിക്കുന്നതാണ് കടത്ത് സർവിസ്.
വാമനപുരംനദിക്കുകുറുകെ നാട്ടുകാർ യാത്ര ചെയ്തിരുന്നത് ഇവിടത്തെ കടത്തുവള്ളം വഴിയായിരുന്നു. ധാരാളം ജനങ്ങൾ ഇപ്പോഴും ആശ്രയിക്കുന്ന കടത്തുവള്ളം മുന്നറിയിപ്പ് ഇല്ലാതെ കരവാരം ഗ്രാമപഞ്ചായത്ത് നിർത്തലാക്കി. കരവാരം പഞ്ചായത്തിലെ 11ാം വാർഡിെല കട്ടപ്പറമ്പ് പട്ടള കടവിൽനിന്ന് ആറ്റിങ്ങൽ നഗരസഭയിലെ മുള്ളിയൻകടവിലേക്ക് ജനങ്ങൾ വള്ളത്തിലാണ് പോയിവന്നിരുന്നത്.
തദ്ദേശവാസികളുടെ ഓർമവെച്ച കാലം മുതൽ ഇവിടെ കടത്ത് സർവിസ് ഉണ്ട്. നേരേത്ത ഇത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലായിരുന്നു. അധികാരവികേന്ദ്രീകരണംപദ്ധതിയുടെ ഭാഗമായി സർവിസുകൾ തദ്ദേശ സ്ഥാപനങ്ങളെ ഏൽപിച്ചു. ശേഷം പട്ടള-മുള്ളിയിൽകടവ് കടത്ത് കരവാരം പഞ്ചായത്തിന്റെ ചുമതലയിലായി.
ഈ കടത്ത് സർവിസാണ് പഞ്ചായത്ത് റദ്ദാക്കിയത്. കട്ടപ്പറമ്പിൽനിന്ന് നദിക്ക് അക്കരെ ആറ്റിങ്ങൽ പ്രദേശങ്ങളിൽ എത്താനുള്ള എളുപ്പമാർഗമാണിത്. കരവാരം പഞ്ചായത്ത് നിവാസികൾക്കാണ് കൂടുതൽ ഉപയോഗപ്രദമായിരുന്നത്. കടത്തുവഞ്ചിയെ ആശ്രയിക്കുന്ന ധാരാളം യാത്രക്കാർ ഇപ്പോഴും ഇവിടെയുണ്ട്. വിശേഷദിവസങ്ങളിലും മറ്റും കൂടുതൽ യാത്രക്കാരുണ്ടാകും.
വള്ളം നിർത്തിയതോടെ 15 കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് യാത്ര ചെയ്യേണ്ട സ്ഥിതിയാണ് പ്രദേശവാസികൾക്കുള്ളത്. അവനവഞ്ചേരി ഗ്രാമത്ത്മുക്ക് ഗവ. സിദ്ധ ആശുപത്രിയിൽ ചികിത്സ തുടരുന്ന വയോജനങ്ങൾ ഉൾപ്പെടെ ഈ കടത്തുവള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.
ഇവരെല്ലാം ചികിത്സ തുടരാൻ കഴിയാത്ത അവസ്ഥയിലായിട്ടുണ്ട്. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും ഈ കടത്തുസർവിസ് വഴി എളുപ്പത്തിൽ വന്നുപോയിരുന്നു. അവരെല്ലാം ഇനി 15 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.