മാലിന്യക്കൂമ്പാരമായ പുറമ്പോക്കുഭൂമി നഗരസഭ ഏറ്റെടുക്കുന്നു
text_fieldsആറ്റിങ്ങൽ: മാമം ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന 80 സെന്റോളം വരുന്ന പുറമ്പോക്കുഭൂമി ആറ്റിങ്ങൽ നഗരസഭ ഏറ്റെടുക്കുന്നു. കാടുകയറിയ പ്രദേശം മാലിന്യം തള്ളുന്ന ഇടം കൂടിയാണ്. ചില സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റംകൂടി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഭൂമി ഏറ്റെടുക്കാൻ അധികൃതർ തയാറായത്. പലരും ഭൂമി കൈയടക്കി വാഹന പാർക്കിങ്, കൃഷി എന്നിവ നടത്തിയിരുന്നു.
ഇതുസംബന്ധിച്ച് നഗരസഭക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഭൂമിയിൽ ഹരിതവനം പദ്ധതി നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചു. മണ്ണുമാന്തി ഉപയോഗിച്ച് കാടും മാലിന്യങ്ങളും നീക്കംചെയ്ത ശേഷം സംരക്ഷണ വേലി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരിൽ ചിലർ തടഞ്ഞു.
ദേശീയപാതയിൽനിന്ന് പഴയ ദേശീയപാത റോഡിലേക്ക് കടക്കാൻ വാഹന ഗതാഗതത്തിന് യോഗ്യമായ രീതിയിലുള്ള വഴി ഈ ഭൂമിയിലൂടെ വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, കൗൺസിലർ എം. താഹിർ, സെക്രട്ടറി കെ.എസ്. അരുൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച ശേഷം നാട്ടുകാരോട് സംസാരിച്ചു.
ചർച്ചക്കൊടുവിൽ മൂന്ന് മീറ്റർ വീതിയിൽ വഴി നൽകാമെന്ന് നഗരസഭ സമ്മതിച്ചു. റവന്യൂ വകുപ്പിന്റെ സഹായത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നദീ തീരപ്രദേശം ഉൾപ്പടെയുള്ള പുറമ്പോക്ക് ഭൂമികൾ റീസർവേയിലൂടെ കണ്ടെത്താൻ നഗര ഭരണകൂടം തീരുമാനിച്ചു. ഇത്തരത്തിൽ കണ്ടെത്തുന്ന ഭൂമി പട്ടണത്തിലെ വികസനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുംവിധം ഉപയോഗിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.