യുവാവിന്റെ കൊലപാതകം ആസൂത്രിതം; പ്രതികൾ റിമാൻഡിൽ
text_fieldsആറ്റിങ്ങൽ: യുവാവിനെ നദീതീരത്തെ റബർ പുരയിടത്തിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കസ്റ്റഡിയിലായിരുന്ന പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആലംകോട് മണ്ണൂർഭാഗം കാട്ടിൽ വീട്ടിൽ പൊടിയൻ-അംബി ദമ്പതികളുടെ മകൻ സുജിയെ (32) കൊലപ്പെടുത്തിയ കേസിൽ കീഴാറ്റിങ്ങൽ സ്വദേശി കടകംപള്ളി ബിജു, കരിച്ചയിൽ സ്വദേശി അനീഷ് എന്നിവരെയാണ് വർക്കല കോടതി റിമാൻഡ് ചെയ്തത്.
ചോദ്യം ചെയ്യലിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ സുജിയെ കൊന്നതാണെന്ന് പ്രതികൾ സമ്മതിച്ചു. സുജി പ്രതികളുടെ വീട്ടിൽ അസമയത്തെത്തി സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനീഷും സുജിയും തമ്മിൽ മാസങ്ങൾക്ക് മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആസൂത്രിതമായി സുജിയെയും കൂട്ടി ശങ്കരമംഗലം ക്ഷേത്ര കടവിന് സമീപത്തെ റബർ തോട്ടത്തിലെത്തി മദ്യപിച്ചു. ശേഷം വെട്ടുകത്തിയും ചങ്ങലയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെട്ടി പരിക്കേൽപിച്ചതിനുശേഷം സുജിയെ പ്രതികൾ തോട്ടിലേക്ക് എടുത്തിട്ടു.
എന്നാൽ, തോട്ടുവക്കത്തുള്ള ചെടിയിൽ പിടിച്ച് കരയിൽ കയറിയ സുജിയെ പ്രതികൾ വീണ്ടും ആക്രമിക്കുകയായിരുന്നു. ശരീരത്തിൽനിന്ന് രക്തം വാർന്നുപോയതും ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണ് സുജിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, കല്ലമ്പലം പൊലീസ് സംയുക്തമായാണ് എസ്.പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.