ദേശീയപാത തകർന്നനിലയിൽ; കുഴികൾ വ്യാപകം
text_fieldsആറ്റിങ്ങൽ: ദേശീയപാത തകർന്നു കുഴികൾ രൂപപ്പെട്ട നിലയിൽ. കുഴികൾ കണ്ടിട്ടും അധികൃതർക്ക് അനക്കമില്ല. ദേശീയപാതയിൽ കല്ലമ്പലം മുതൽ ആറ്റിങ്ങൽ മൂന്നുമുക്കുവരെയാണ് പല ഭാഗത്തായി റോഡിലെ ടാറിങ് തകർന്നത്. പാതയുടെ രണ്ടുവശത്തും വിവിധ സ്ഥലങ്ങളിൽ വലിയ കുഴികളുണ്ട്. റോഡ് ഇടിഞ്ഞുതാഴ്ന്നും റോഡ് കുഴിഞ്ഞുണ്ടായതുമാണ് കുഴികളിൽ മിക്കതും.
ദേശീയപാതയിൽ ആറ്റിങ്ങൽ ചന്തറോഡ് തുടങ്ങുന്ന ഭാഗത്ത് റോഡിന്റെ ഡിവൈഡറിനോടു ചേർന്ന് മൂന്നിടത്ത് കുഴികൾ അടുത്തടുത്തുണ്ട്. മാൻഹോളുകൾ ഇടിഞ്ഞുതാഴ്ന്നുണ്ടായതാണ് ഇതിൽ രണ്ടെണ്ണം. ഒരു കുഴിക്ക് മൂന്നടിയോളം നീളവും ഒരടിയോളം വീതിയുമുണ്ട്. ആറ്റിങ്ങൽ പട്ടണത്തിലെ പ്രധാന കവലയായ
കച്ചേരി ജങ്ഷനിൽ നാലുവരിപ്പാതയുടെ നടുക്കാണ് കുഴിയുള്ളത്. പാതയിൽ അടുത്തിടെ ചല്ലിയും ടാറും കുഴച്ചിട്ട് നികത്തിയെങ്കിലും വീണ്ടും വലിയ കുഴിയായി മാറിക്കഴിഞ്ഞു. കിഴക്കേ നാലുമുക്കിൽനിന്ന് വരുന്ന വാഹനങ്ങൾ യു ടേൺ എടുക്കണമെങ്കിൽ കുഴിയിൽ ചാടി മാത്രമേ തിരിഞ്ഞു പോകാൻ കഴിയൂ.
പൊലീസ് സ്റ്റേഷൻ അടക്കം നിരവധി സർക്കാർ ഓഫിസുകളിൽ പോകേണ്ട റോഡിന്റെ പ്രവേശന ഭാഗത്താണി കുഴി. ടി.ബി ജങ്ഷൻ, സി.എസ്.ഐ. ജങ്ഷൻ, ആറ്റിങ്ങൽ മുനിസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തും മഴക്കാലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നു. മഴയിൽ റോഡിൽ മിക്കപ്പോഴും രണ്ടടിയോളം വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. മഴക്കാലത്തെ വാഹനയാത്ര ഇവിടെ ദുസ്സഹമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മറുവശത്ത് കൂടി പോകുന്ന വാഹനങ്ങളിൽ ചളി വെള്ളം വീഴുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.