റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നു, പ്രദേശവാസികൾ ദുരിതത്തിൽ
text_fieldsആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്യാസ് ഏജൻസി-റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായി. ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായിട്ട് പതിറ്റാണ്ടായി. സഞ്ചാരയോഗ്യമാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ മടി കാട്ടുന്നതായാണ് ആക്ഷേപം.
കടയ്ക്കാവൂർ-വക്കം-അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള വിദ്യാർഥികളും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ തിരുവനന്തപുരത്തും കൊല്ലത്തേക്കും പോകാൻ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവരിൽ നല്ലൊരു പങ്കും ഈ റോഡ് മാർഗമാണ് റെയിൽവേ സ്റ്റേഷനിലേക്ക് കടന്നുപോകുന്നത്.
ഇരുചക്രവാഹനങ്ങളിലും മറ്റും കടന്നുപോകുന്ന യാത്രികർക്ക് സഞ്ചാരയോഗ്യമല്ലാത്ത ഈ റോഡ് അപകടക്കെണിയായിട്ടുണ്ട്. ഈ മേഖലയിലെ കുഴികളിൽ വീണുണ്ടായ അപകടത്തിൽ ഇതിനോടകം നിരവധി പേർക്ക് പരിക്കുപറ്റി.
10 വർഷം മുമ്പാണ് അവസാനമായി ഈ റോഡ് റീ ടാർ ചെയ്തതായി നാട്ടുകാർ പറയുന്നത്. എന്നാൽ ടാറിങ്ങിന്റെ നിലവാരക്കുറവ് മൂലം വളരെ പെട്ടെന്നുതന്നെ തകർന്ന് കുഴി രൂപപ്പെടുകയായിരുന്നു. മഴക്കാലമായതോടെ ഇത് വർധിക്കുകയും ചെയ്തു. ഈ വാർഡിൽ നിന്ന് വിജയിച്ച മെംബർ തന്നെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെങ്കിലും റോഡിന്റെ നവീകരണം മാത്രം നടക്കുന്നില്ല.
വിഷയത്തിൽ പ്രദേശവാസികൾ നിരവധിതവണ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും പെട്ടെന്നുതന്നെ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.