ഓട അടഞ്ഞതോടെ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ
text_fieldsആറ്റിങ്ങൽ: ഓട അടഞ്ഞ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്രക്കാർ ദുരിതത്തിൽ. മീരാൻകടവ്-ചെക്കാലവിളാകം റോഡിലാണ് വെള്ളക്കെട്ട് യാത്ര ദുസ്സഹമാക്കുന്നത്. മഴപെയ്താൽ ആഴ്ചകളോളം റോഡിൽ വലിയൊരു പ്രദേശം പൂർണമായും വെള്ളക്കെട്ടായി മാറും.
കായലിലേക്കുള്ള ഓടയിലൂടെ വെള്ളം ഒഴുകിപ്പോകാതെ റോഡിലേക്ക് വ്യാപിക്കുകയാണ്. മഴ അല്ലെങ്കിൽ പോലും റോഡിൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യമാണിപ്പോൾ. ചെക്കാല വിളാകം ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ഓട വഴി ഒഴുകി എത്തുന്നത് ഇവിടെയാണ്.
വെള്ളക്കെട്ട് വരുന്നതോടെ ഗതാഗതം ദുഷ്‌കരമാകുന്നത് പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ദിവസങ്ങൾ കഴിഞ്ഞാലും വെള്ളക്കെട്ട് ഒഴിവാക്കാൻ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നോ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നോ കാര്യമായ നടപടികൾ ഉണ്ടാകാറില്ല.
മഴ ശക്തമാകുന്നതോടെ ഇരുചക്ര വാഹനങ്ങൾ ഗ്യാസ് ഏജൻസി റോഡ്-റെയിൽവേ സ്റ്റേഷൻ വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകരാറിലാവുന്നതും പതിവായി.
കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യുന്നതിൽ ഗ്രാമപഞ്ചായത്ത് അധികൃതർ താൽപര്യം കാട്ടാറില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത് വകുപ്പ് റോഡാണെന്നും വൃത്തിയാക്കാനുള്ള ചുമതല അവർക്കാണെന്നുമാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.
വെള്ളം കെട്ടിനിൽക്കുന്നതുകാരണം സമീപത്തെ വ്യാപാരസ്ഥാപനങ്ങളും ദുരിതത്തിലായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം കടക്കുള്ളിലേക്ക് കയറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.