ആറ്റിങ്ങലിൽ വൻ കവർച്ച; 50 പവനും നാലര ലക്ഷവും കവർന്നു
text_fieldsആറ്റിങ്ങൽ: വലിയകുന്നിൽ വീട് കുത്തിത്തുറന്ന് കവർച്ച. വലിയകുന്ന് ഡിസംബർ ഡിലൈറ്റിൽ ഡോ. അരുൺ ശ്രീനിവാസന്റെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും നാലര ലക്ഷം രൂപയും കവർന്നു. ബുധനാഴ്ചയാണ് സംഭവം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. അരുണും കുടുംബവും രാവിലെ എട്ടോടെ വീട്ടിൽനിന്നിറങ്ങി രാത്രി ഒമ്പതോടെയാണ് വീട്ടിൽ എത്തിയത്. തിരികെ വന്നപ്പോൾ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അകെത്ത വാതിലുകളും കിടപ്പുമുറിയിൽ ഉണ്ടായിരുന്ന ലോക്കറും തകർത്തതായി കണ്ടെത്തി. സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കർ തകർത്താണ് കവർന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി വീട്ടിൽ മറ്റാരും കയറാതെയും തെളിവ് നശിക്കാതെയും നടപടികൾ സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഈ മേഖലയിലുള്ള മോഷ്ടാക്കളല്ല കവർച്ചക്കുപിന്നിലെന്നാണ് നിഗമനം. ലോക്കർ തകർത്ത് കവർച്ച ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വൈദഗ്ധ്യം ഉള്ളവരാണ് മോഷ്ടാക്കെളന്ന് പൊലീസ് കരുതുന്നു. വീട്ടിൽ ആളില്ലാത്തതു മനസ്സിലാക്കി പകൽസമയത്താണോ കവർച്ച നടന്നതെന്നും സംശയമുണ്ട്. അതിനാൽതന്നെ മോഷ്ടാക്കൾക്ക് അരുണിന്റെ യാത്രയെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിച്ചിരിക്കാം എന്നും കരുതുന്നു. ഈ വീട്ടിൽ സി.സി.ടി.വി കാമറകൾ ഇല്ല. സമീപത്തെ മറ്റ് വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ച് അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.