ആറ്റിങ്ങലിലെ മോഷണം; തസ്കര ഗ്രാമത്തിലെത്തി പ്രതികളെ പിടികൂടി
text_fieldsആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഡെന്റൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ (27), സാൻവർ ലാൽ (26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്കര ഗ്രാമത്തിൽനിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ വ്യാഴാഴ്ച കേരളത്തിലെത്തിക്കും. അജ്മീറിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഉൾനാടൻ ഗ്രാമമായ താണ്ടോടിയിലെത്തി ഏറെ പണിപ്പെട്ടാണ് ആറ്റിങ്ങൽ എസ്.ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്.ഐ ബിജുകുമാർ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. താണ്ടോടിയിലെത്തിയ പൊലീസ് ആദ്യം കിഷൻ ലാലിനെ കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത ജെട്പുര ഗ്രാമത്തിൽനിന്നാണ് സാൻവർ ലാലിനെ പിടികൂടിയത്. അതിവിദഗ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വിൽക്കാനെന്ന വ്യാജേനയാണ് ഇവർ കേരളത്തിൽ അലഞ്ഞുതിരിയുന്നത്.
സ്ത്രീകളും കുട്ടികളുമായി എത്തുന്ന സംഘങ്ങൾ പാതയോരങ്ങളിൽ ടെന്റ് അടിച്ചാണ് താമസം. തുടർന്ന് ആളൊഴിഞ്ഞ വീടുകൾ മനസ്സിലാക്കി കവർച്ച നടത്തും. മോഷണ വസ്തുക്കൾ നിസ്സാര വിലക്ക് വിൽക്കുകയാണ് പതിവ്. മാർച്ച് ഏഴിനാണ് ദന്തൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നത്. 50 പവനും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.