വാർഡിൽ കുടിവെള്ളമില്ല; ജലസംഭരണിക്ക് മുകളിൽ മെംബറുടെ ആത്മഹത്യാഭീഷണി
text_fieldsആറ്റിങ്ങൽ: വാർഡിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ജലസംഭരണിക്ക് മുകളിൽ കയറി വാർഡ് മെംബറുടെ ആത്മഹത്യാഭീഷണി. ഓണക്കാലമായിട്ട് വാർഡിൽ കുടിവെള്ളമെത്താത്തതിനാലാണ് വാർഡ് മെംബർ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കടയ്ക്കാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഭജനമഠത്തിലെ മെംബറായ അഭിലാഷ് ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയത്. ശനിയാഴ്ച രാവിലെ ഒമ്പതിന് നിലയ്ക്കാമുക്ക് പള്ളിമുക്ക് ജങ്ഷനിലെ ജലസംഭരണിക്ക് മുകളിലാണ് കയറിനിന്നത്. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർന്ന് കടയ്ക്കാവൂർ പൊലീസിലും ആറ്റിങ്ങൽ ഫയർഫോഴ്സിലും വിവരമറിയിക്കുകയും ചെയ്തു.
പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അഭിലാഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടിവെള്ളത്തിന്റെ ലഭ്യതയെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാതെ താഴേക്കിറങ്ങില്ലെന്നും ആരെങ്കിലും മുകളിലേക്ക് കയറി വന്നാൽ താഴേക്ക് ചാടുമെന്നും പറഞ്ഞ് അഭിലാഷ് മുകളിൽതന്നെ നിലയുറപ്പിക്കുകയും ചെയ്തു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജലസംഭരണിക്ക് താഴെയായി വല കെട്ടി സുരക്ഷ ഒരുക്കി.
സംഭവമറിഞ്ഞ് കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വാർഡ് പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. ബി.ജെ.പിയുടെ പ്രതിനിധിയാണ് വാർഡ് മെംബർ അഭിലാഷ്. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഉച്ചകഴിഞ്ഞ് 3.30 ഓടെ വർക്കല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബൈജു സ്ഥലത്തെത്തുകയും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച നടത്തുകയും നിലവിലെ സാഹചര്യം വിശദീകരിക്കുകയും രാത്രി 10 മണിയോടെ ഒരു ദിവസത്തേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനം ചെയ്യാമെന്ന് പറയുകയും ചെയ്തു.
ഇതിനിടയിൽ ബി.ജെ.പി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും നടന്നു. കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയ ശേഷം ചർച്ച പുനരാരംഭിച്ചു. കരാറുകാരൻ സ്ഥലത്തെത്തി കാര്യങ്ങൾ വിശദമാക്കണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കരാറുകാരൻ സ്ഥലത്തെത്തുകയും രാത്രി 10 മണിയോടെ ഈ പ്രദേശത്ത് ജലം എത്തിക്കാം എന്ന് ഉറപ്പുനൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.