പ്രവർത്തനം മുടങ്ങി തിനവിളയിലെ സാംസ്കാരിക കേന്ദ്രം
text_fieldsആറ്റിങ്ങൽ: കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ തിനവിളയിലെ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനം മുടങ്ങിയിട്ട് വർഷങ്ങൾ കഴിയുന്നു. 2018-19 കാലയളവിൽ ജില്ല പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രന്ഥശാലയും വായനശാലയും മീറ്റിങ് ഹാളുമുൾപ്പെടെ ഇരുനിലകെട്ടിടം നിർമിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുശേഷം പ്രവർത്തനം നിലച്ച കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്.
പ്രദേശത്തെ സാമ്പത്തികമായി പിന്നാക്കമായ വിദ്യാർഥികളിൽ വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018ൽ സാംസ്കാരികനിലയം പ്രവർത്തനമാരംഭിച്ചത്. വിപുലമായ പുസ്തകശേഖരവും പത്രപ്രസിദ്ധീകരണങ്ങളുമുൾപ്പെടെയായി ആരംഭിച്ച സംസ്കാരികനിലയത്തിന്റെ പ്രവർത്തനം മാസങ്ങൾ കഴിഞ്ഞതോടെ നിലക്കുകയായിരുന്നു. തുടർന്ന് പരിചരണമുൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലായതോടെ സാംസ്കാരിക നിലയത്തിന് പൂട്ടുവീണു.
കുറച്ചുനാളുകൾക്ക് ശേഷം പ്രദേശത്തെ യുവാക്കൾ ക്ലബായി കെട്ടിടത്തിന്റെ ഒരുഭാഗം ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷമായതോടെ ഇതും അവതാളത്തിലായി. കെട്ടിടത്തിന് ചുറ്റുമതിലില്ലാത്തതിനാൽ രാത്രികാലങ്ങളിൽ മദ്യപശല്യവും പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്.
മാസങ്ങൾക്കുമുമ്പ് സാമൂഹികവിരുദ്ധർ സാംസ്കാരികനിലയത്തിന്റെ വാതിൽ തല്ലിത്തകര്‍ത്തിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും സാംസ്കാരികനിലയം പുനരാരംഭിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. ശരിയായരീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ തിനവിള, സ്റ്റാലിൻമുക്ക്, കൊല്ലമ്പുഴ, കീഴാറ്റിങ്ങൽ പ്രദേശത്തെ ഒട്ടനവധി വിദ്യാർഥികൾക്കും നാട്ടുകാർക്കും സാംസ്കാരികനിലയം ഏറെ ഉപകാരപ്രദമാകുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.