'തിരുവനന്തപുരം മെട്രോ ആറ്റിങ്ങലിലേക്ക് ദീർഘിപ്പിക്കണം'
text_fieldsആറ്റിങ്ങൽ: തിരുവനന്തപുരം മെട്രോ ആറ്റിങ്ങലിൽനിന്ന് ആരംഭിക്കണമെന്ന് ആറ്റിങ്ങൽ വികസന സെമിനാർ. മുൻ പ്ലാനിങ് ബോർഡ് അംഗവും ആസൂത്രണ ഐ.ടി വിദഗ്ധനും ആയ ജി. വിജയരാഘവൻ മോഡറേറ്ററായി ആറ്റിങ്ങൽ സുഹൃത്ത് വേദി സംഘടിപ്പിച്ച 'ആറ്റിങ്ങൽ -അടുത്ത അഞ്ച് വർഷം' എന്ന വിഷയത്തിലെ സെമിനാറാണ് പ്രമേയത്തിലൂടെ ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം മെട്രോ പദ്ധതി ഇനിയും ആരംഭിച്ചിട്ടില്ല. ആറ്റിങ്ങലിൽനിന്ന് ആരംഭിച്ചാൽ മെട്രോക്ക് യാത്രക്കാർ കൂടുതലായി ലഭിക്കും. ജില്ലയിൽ തിരുവനന്തപുരത്തേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ പ്രതിദിനം പോയിവരുന്ന പ്രധാന ടൗൺ ആണ് ആറ്റിങ്ങൽ.
ആറ്റിങ്ങൽനിന്ന് ആരംഭിച്ചാൽ നിലവിലെ ദേശീയപാതയിലെ തിരക്ക് കുറക്കാം. മെട്രോ സ്റ്റേഷൻ ആയി മാമം ഭാഗത്ത് സർക്കാർ ഭൂമി ലഭ്യമാണ്. ആവശ്യമെങ്കിൽ കൂടുതലായി ഏറ്റെടുക്കലിനും സാധിക്കും.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെയും ആറ്റിങ്ങലിെൻറയും സാധ്യതകൾക്ക് ഒരുപോലെ പ്രയോജനകരമാണ് ഇത്. തങ്ങളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തി ഇതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉറപ്പുനൽകി.
ഇതിനുപുറമെ നഗരത്തെ സുരക്ഷിത ഭക്ഷ്യ വിഭവ സങ്കേതം, യാചകരഹിതം, സാമൂഹ്യ സംരക്ഷിത നഗരം തുടങ്ങിയ പദ്ധതികളും സെമിനാർ വിഭാവന ചെയ്തു. പച്ചക്കറി, മത്സ്യം, മാംസം, പാചകം ചെയ്ത ഭക്ഷ്യസാധനങ്ങൾ എന്നിവയിൽ എല്ലാം ആറ്റിങ്ങലിൽ വിപണനം നടത്തുന്നവയിൽ മായമോ വിഷമോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതാണ് സുരക്ഷിത ഭക്ഷ്യവിഭവസങ്കേതം പദ്ധതി.
മാനസിക -ശാരീരിക വെല്ലുവിളികൾ നേരിടുന്ന നിശ്ചിത പ്രായം കഴിഞ്ഞവരെ പുനരധിവസിപ്പിക്കാനുള്ളതാണ് സാമൂഹിക സംരക്ഷിത നഗരം പദ്ധതി.
നഗരസഭ സേവനങ്ങൾ സമ്പൂർണമായും ഡിജിറ്റലൈസ് ചെയ്യുക, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പ്രൈവറ്റ് ബസുകളുടെ കൂടി ബസ് സ്റ്റേഷൻ ആക്കുകയും നിലവിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ആക്കുകയും ചെയ്യുക, കൊല്ലമ്പുഴ കേന്ദ്രമാക്കി ആത്മീയ, ഹെറിറ്റേജ്, സാഹസിക ടൂറിസം പദ്ധതികൾ ആരംഭിക്കുക തുടങ്ങിയ പ്രധാന നിർദേശങ്ങളും സെമിനാറിൽ ഉരുത്തിരിഞ്ഞു.
നഗരസഭയിലെ 31 കൗൺസിലർമാരുടെയും വിവിധ സാങ്കേതിക മേഖലകളിലെ പ്രമുഖരുടെയും അഭിപ്രായങ്ങളും സ്വപ്നങ്ങളും കേട്ടറിഞ്ഞശേഷം അവ പ്രാവർത്തികമാക്കാനുള്ള ഫണ്ടിങ് ഉൾപ്പെടെയുള്ള മാർഗങ്ങൾ ജി. വിജയരാഘവൻ നിർദേശിച്ചു.
നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സുഹൃത്ത് വേദി പ്രസിഡൻറ് കെ. ശ്രീവത്സൻ അധ്യക്ഷതവഹിച്ചു. മുൻ നഗരസഭാ ചെയർമാൻ എം. പ്രദീപ് ആമുഖ പ്രഭാഷണം നടത്തി.
നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ആർ. രാമു, അമ്പിരാജ, രാജേഷ് മാധവൻ, എൻ. രവീന്ദ്രൻ നായർ, എം. സതീഷ് ശർമ, ജി. വിദ്യാധരൻ പിള്ള, ബി.ആർ. ഷിബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.