മൂന്ന് യുവാക്കൾ പൊട്ടക്കിണറ്റിൽ അകപ്പെട്ടു
text_fieldsആറ്റിങ്ങൽ: കാട്ടുമ്പുറത്ത് ആൾതാമസമില്ലാത്ത വീടിനുസമീപത്തെ പൊട്ടക്കിണറ്റിൽ മൂന്ന് യുവാക്കൾ അകപ്പെട്ടു. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ യുവാക്കളെ രക്ഷിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്ക്. കാട്ടുമ്പുറം കാട്ടുവിളവീട്ടിൽ നിഖിൽ (19), നിതിൻ (17), പുത്തൻവിളവീട്ടിൽ രാഹുൽ രാജ് (18) എന്നിവരാണ് കിണറ്റിലകപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ഒരാൾ കിണറ്റിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ കൂടെയുള്ളവർ കൂടി കിണറ്റിൽ വീണു എന്നാണ് ഇവർ പറഞ്ഞത്. നാട്ടുകാരുടെ രക്ഷാപ്രവർത്തനം വിഫലമായതോടെ ആറ്റിങ്ങൽ അഗ്നിരക്ഷാസേനയുടെ സഹായം തേടി. 80 അടിയോളം താഴ്ചയും വെള്ളവുമുള്ള ആൾമറയില്ലാത്തതും ഉപയോഗശൂന്യവുമായ കിണറാണിത്. ആഴം കൂടുതലെങ്കിലും ചളി നിറഞ്ഞതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞു. അവശനിലയിലായ മൂവരെയും ആറ്റിങ്ങൽ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ നിതിൻ, രാഹുൽ രാജ് എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും കൈ, കാൽ അസ്ഥിക്ക് പൊട്ടലും ദേഹമാസകലം വലിയ ചതവുകൾ ഉൾപ്പെടെ ഗുരുതര പരിക്കുകളുണ്ട്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ബിജു .എസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രാഗേഷ് ആർ.എസ്, രതീഷ്, അമൽജിത്ത്, വിഷ്ണു ബി. നായർ, സജി എസ്. നായർ, സജിത്ത്, സുജിത്ത്, എസ്.എഫ്.ആർ.ഒമാരായ നിഖിൽ എ.എൽ, എം. മോഹൻകുമാർ, ഹോം ഗാർഡ് ബൈജു .എസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.