സമാന്തര പാതകൾ സഞ്ചാരയോഗ്യമാക്കാതെ നിയന്ത്രണം; ചിറയിൻകീഴ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു
text_fieldsആറ്റിങ്ങൽ: ചിറയിന്‍കീഴിലെ റെയിൽവേ മേല്‍പ്പാല നിർമാണത്തെ തുടർന്നുള്ള ഗതാഗതക്കുരുക്ക് രൂക്ഷം. സമാന്തര പാതകൾ യാത്രാ യോഗ്യമാക്കാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നം. നിലവിൽ ചിറയിൻകീഴിൽ എത്തുന്നവർ പുറത്ത് കടക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്.
വാഹനങ്ങൾ ഒരുഭാഗത്തേക്കും പോകാതെ സ്തംഭിച്ചു കിടക്കുന്നു. ചിറയിന്‍കീഴ് ബസ് സ്റ്റാൻഡിന് സമീപം റെയിൽവേ ഗേറ്റ് ഭാഗത്തെ പണികളാണ് കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചത്. ഇവിടെ പാളത്തിന് മുകളിലൂടെയുള്ള പാലം നിർമാണത്തിനായി ഉരുക്ക് തൂണുകള്‍ സ്ഥാപിക്കുന്നതിന് പൈലിങ് പ്രവൃത്തികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ശനിയാഴ്ച മുതലാണ് ആരംഭിച്ചത്.
രണ്ട് ദിവസത്തിനുള്ളില്‍ പൈലിങ് ജോലികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കരാര്‍ തൊഴിലാളികള്‍ പറഞ്ഞു. നാല് സ്പാനുകള്ക്കായുള്ള നിർമാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. ഈ ഭാഗത്തെ നിർമാണ പ്രവൃത്തികള്‍ അവസാനിക്കുന്ന മുറക്ക് മേല്‍പാല നിർമാണത്തിന്റെ അടുത്ത ഘട്ടമായ ഗര്‍ഡറുകള്‍ ഉറപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് ആരംഭമാകും.
നിർമാണ പ്രവൃത്തികള്‍ക്കായി വെള്ളിയാഴ്ച വൈകീട്ടോടെ റെയിൽവേ ഗേറ്റ് അടച്ചിട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു. അതേസമയം കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് ഭാഗത്തേക്കും തിരികെയും സഞ്ചരിക്കേണ്ടവര്ക്കുള്ള ബദല്‍ റോഡായ ശാര്‍ക്കര പണ്ടകശാല റോഡ് നവീകരണം പൂര്‍ത്തിയായിട്ടില്ല.
ഇത് ഇതുവഴിയുള്ള ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാക്കി. ജില്ല പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഈ റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 45 ലക്ഷത്തോളം മുതല്‍മുടക്കില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്ന ഈ റോഡിന്റെ നിർമാണ പ്രവൃത്തികള്‍ വിവിധ കാരണങ്ങളാല്‍ നീണ്ടുപോയതാണ് ഗതാഗതക്കുരുക്കും ദുരിതവും കൂടുതല്‍ രൂക്ഷമാക്കിയത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി ഓട നിർമാണത്തിനുള്ള ഫണ്ട് താമസിച്ചതും ഏകോപനമില്ലായ്മയും ഈ റോഡിന്റെ നവീകരണം മൂന്ന് മാസത്തോളം വൈകിച്ചു. ശുചീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഓട കോണ്‍ക്രീറ്റ് ചെയ്ത് ഉയരം കൂട്ടുന്ന പ്രവൃത്തി കഴിഞ്ഞദിവസം പൂര്‍ത്തിയായി.
ഇനി ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ ഉറപ്പിക്കുകയും അത് ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം തുടര്‍പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുകയും വേണം. റോഡിന്റെ നവീകരണ ജോലികള്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കരാറുകാരന് അറിയിച്ചു.
കരാര്‍ പ്രകാരം 540 മീറ്റര്‍ റോഡ് മാത്രമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. ഇതില്‍ 170 മീറ്റര്‍ ഇന്റര്‍ലോക്കും 370 മീറ്റര്‍ ബി.എം ആൻഡ് ബി.സി രീതിയില്‍ ടാറിങ്ങുമാണ് ചെയ്യുന്നത്. പെരുമ്പാട്ടം പഴയവീട്ടില്‍ കാവുമുതല്‍ ശാര്‍ക്കര ശാസ്താക്ഷേത്രത്തിന് സമീപംവരെയാണ് നവീകരണം. ബാക്കി ഭാഗം അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിക്കുക.
ഗതാഗതക്കുരുക്ക് രൂക്ഷമായ ചിറയിന്‍കീഴിനെ കൂടുതല്‍ ദുരിതത്തിലാക്കി ബസ് സ്റ്റാന്‍ഡിന് തെക്കുവശത്തുള്ള പാതയും റെയിൽവേ ശനിയാഴ്ച അടച്ചു. ഇത് റെയിൽവേ സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടിയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
റെയിൽവേ ഭൂമിക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ സഞ്ചാരത്തെയും നടപടി സാരമായി ബാധിച്ചിട്ടുണ്ട്. വഴികളെല്ലാം കൊട്ടിയടക്കുകയും ബദല്‍ റോഡിന്റെ നവീകരണം വൈകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചിറയിന്‍കീഴുകാര്‍ വഴിതേടി വലയുകയാണ്.
വഴികളോരോന്നായി അടയുന്നതില്‍ ചിറയിന്‍കീഴ് നിവാസികള്‍ കടുത്ത അമര്‍ഷത്തിലുമാണ്. വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇതിൽനിന്ന് രക്ഷപ്പെടാൻ അടിയന്തരമായി സമാന്തര പാതകൾ യാത്ര യോഗ്യമാക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.