താലൂക്കാശുപത്രിയിൽ മരം കടപുഴകി രണ്ടു കാറുകൾ തകർന്നു
text_fieldsആറ്റിങ്ങൽ: ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ ആഞ്ഞിലി മരം കടപുഴുകി വീണ് രണ്ട് കാറുകള്‍ തകര്‍ന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിലെ മോര്‍ച്ചറിക്ക് സമീപം നിന്ന പഴക്കമുള്ള ആഞ്ഞിലി മരം കടപുഴുകി വീഴുകയായിരുന്നു.
മോര്‍ച്ചറിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ആശുപത്രിയിലെ പീഡിയാട്രിഷ്യന്‍ ഡോ. ഗ്ലാഡിസിന്റെ ഹോണ്ട കാറും അഞ്ചുതെങ്ങ് സ്വദേശിയായ ജസ്റ്റിന്റെ മാരുതി വാഗൺ ആർ കാറുമാണ് തകര്‍ന്നത്. അഞ്ചുതെങ്ങ് സ്വദേശിയുടെ പോസ്റ്റ്മോർട്ടവുയി ബന്ധപ്പെട്ട് എത്തിയ മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.ഐ.ടി.യു നേതാവുമായ അഞ്ചുതെങ്ങ് സുരേന്ദ്രന് ജസ്റ്റിന്റെ കാറിനുള്ളില്‍ ഇരുക്കുമ്പോഴാണ് മരം കടപുഴുകി വീണത്. മരത്തിന്റെ ശിഖരങ്ങള്‍ മറ്റ് മരങ്ങളില്‍ തട്ടിയ ശബദം കേട്ട് സുരേന്ദ്രന് കാറ് തുറന്ന് പുറത്തേക്കോടി. നിരവധി മരങ്ങളിൽ തട്ടി പതുക്കെയാണ് ആഞ്ഞിലി നിലത്ത് പതിച്ചത്. ചെറു ചില്ലകൾ തട്ടി നിലത്തുവീണ അഞ്ചുതെങ്ങ് സുരേന്ദ്രന് ചികിത്സ നൽകി. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുനീക്കി കാറുകള്‍ പുറത്തെടുത്തു. രണ്ടു കാറുകളും പൂർണമായും തകർന്നു.
ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ നിയമകുരുക്കിൽപെട്ട അപകടാവസ്ഥയിലുള്ള നിരവധി വൃക്ഷങ്ങളാണ് നില്‍ക്കുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവന് ഭീഷണിയായി നില്ക്കുന്ന മരങ്ങളും ശാഖകളും മുറിച്ച് നീക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത് നാട്ടുകാര്‍ ആരോപിക്കുന്നു. മോർച്ചറിക്ക് സമീപത്ത് ആൾത്തിരക്കില്ലാത്തത് അപകടാവസ്ഥ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.