വാഹനത്തിലെ അനധികൃത ബിരിയാണി കച്ചവടം നഗരസഭ തടഞ്ഞു
text_fieldsആറ്റിങ്ങൽ: മൂന്നുമുക്കിന് സമീപം വാഹനത്തിലെ അനധികൃത ബിരിയാണി കച്ചവടം നഗരസഭ തടഞ്ഞു; വാഹനവും ഭക്ഷണവും പിടിച്ചെടുത്തു.
ലൈസൻസില്ലാതെ ആറ്റിങ്ങൽ ഐ.റ്റി.െഎക്ക് സമീപം വിൽപന നടത്തിയ ബിരിയാണിയും വാഹനവുമാണ് നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്.
നാട്ടുകാരും ഹോട്ടലുടമകളും നഗരസഭ ചെയർമാൻ എം. പ്രദീപിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് നഗരസഭ ഹെൽത്ത് സ്ക്വാഡ് സാധനം പിടിച്ചെടുത്ത് നശിപ്പിച്ചത്.
കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് പട്ടണത്തിൽ മാസങ്ങളായി മാർക്കറ്റുകൾ പൂർണമായും അടച്ചിടുകയും വഴിയോര കച്ചവടം നിരോധിക്കുകയും ചെയ്തിരുന്നു.
കൂടാതെ ലൈസൻസുള്ള കടകൾക്ക് സമയക്രമവും നടപ്പാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി അനധികൃത കച്ചവടം വാഹനങ്ങളിൽ ഇത്തരക്കാർ നടത്തി വരുന്നത്.
വാഹനവും വിൽപനക്കുള്ള സാധനങ്ങളും വർക്കല, അഞ്ച്തെങ്ങ് പോലെയുള്ള കണ്ടെയ്മെൻറ് സോണുകളിൽ നിന്നാണ് വരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. വാഹനത്തിനുള്ളിൽ ഒരുക്കിയിരിക്കുന്ന അടുക്കളയിൽ പാചകക്കാർക്ക് സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള സൗകര്യമോ ജീവനക്കാർക്ക് ഹെൽത്ത് കാർഡുകളോ ഉണ്ടായിരുന്നില്ല.
ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ജെ.എച്ച്.ഐമാരായ അഭിനന്ദ്, മുബാറക്ക് തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തി സാധനങ്ങൾ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.