കയർത്തൊഴിലാളികളുടെ കൂലി മൂന്നിരട്ടി ആക്കിയ മന്ത്രി
text_fieldsആറ്റിങ്ങൽ: കൂലി വർധന പലപ്പോഴായി പല മേഖലകളിലും നടന്നിട്ടുണ്ട്. എന്നാൽ, നിലവിലുള്ള കൂലി മൂന്നിരട്ടി ആയി വർധിപ്പിച്ച ചരിത്രം ഒന്നേയുള്ളൂ; അതും കയർത്തൊഴിലാളികൾക്ക്. വക്കം പുരുഷോത്തമൻ എന്ന തൊഴിൽ മന്ത്രി ആണ് ഇതു നടപ്പാക്കിയത്. 1972 ൽ ആണ് സുപ്രധാനമായ തീരുമാനമുണ്ടായത്.
കയർ മേഖലയിൽ ജനിച്ചു വളർന്ന വക്കം പുരുഷോത്തമന് ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ പ്രയാസങ്ങൾ നേരിട്ടറിയാം. അതിനാൽതന്നെ കയർ മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. അച്യുത മേനോൻ മന്ത്രിസഭയിൽ കോൺഗ്രസ് ആദ്യം ഭരണത്തിൽനിന്നു മാറി നിന്നെങ്കിലും രണ്ടാമത് ഭരണത്തിൽ പങ്കാളി ആയി. അതോടെയാണ് വക്കം തൊഴിൽ മന്ത്രിയായത്. കയർ മേഖലയിൽ മത്സരിച്ച് സമരം ചെയ്തിരുന്ന യൂനിയനുകളെ ഒരുമിപ്പിച്ച് സംയുക്ത സമരസമിതി ഉണ്ടാക്കാൻ അദ്ദേഹം നിർദേശിച്ചു. തുടർന്ന് സജ്ജമാക്കപ്പെട്ട സമരസമിതി കൂലി വർധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഈ സമരത്തിലേക്ക് ഇറങ്ങി വന്ന് അന്നത്തെ മന്ത്രി ആയ വക്കം പുരുഷോത്തമൻ കൂലി വർധന പ്രഖ്യാപിച്ചു. 1.25 രൂപ ആയിരുന്ന കൂലി 3.30 ആക്കി വർധിപ്പിക്കും എന്നായിരുന്നു പ്രഖ്യാപനം. തൊഴിലാളികളെ ഇതു ഞെട്ടിച്ചു.
വെറും പ്രഖ്യാപനം മാത്രം ആകും എന്ന് കരുതിയവർക്ക് മുന്നിൽ ഒന്നു കൂടി വക്കം പറഞ്ഞു - ഇതു നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു മുഴം കയറിൽ തൂങ്ങി മരിക്കും എന്ന്. ദിവസങ്ങൾക്കുള്ളിൽ ഉത്തരവിറങ്ങി. കൂലി വർധന നടപ്പായി. കയർതൊഴിലാളി സമരചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു ഇത്. ഇതേ കാലയളവിൽതന്നെ കാർഷിക മേഖലയിലും സമാന രീതിയിൽ ഉള്ള ഇടപെടൽ അദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ കൂലിയാണ് വർധിപ്പിച്ചത്. ഭൂവുടമകൾ ഇതു നിരസിക്കുകയും കായൽ നിലങ്ങൾ തരിശിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.