പ്രണയ വിവാഹത്തെ തുടർന്നുള്ള അക്രമം ഗൗരവത്തോടെ കാണും –വനിത കമീഷൻ
text_fieldsആറ്റിങ്ങല്‍: പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് ആക്രമണത്തിനിരയായ സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും മിഥുനും ദീപ്തിക്കും സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുമെന്നും വനിത കമീഷന് അംഗം ഷാഹിദ കമാല്‍. ചിറയിന്‍കീഴ് ആനത്തലവട്ടം എം.എ നിവാസിലെത്തി ആക്രമണത്തിനിരയായ മിഥുെൻറ ഭാര്യ ദീപ്തിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ദീപ്തി, മാതാവ് അംബിക എന്നിവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മിഥുനും ദീപ്തിയും രണ്ട് വ്യക്തികളെന്ന നിലയിലാണ് പ്രണയിച്ചതും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചതും. അവിടെ മതത്തിനോ രാഷ്ട്രീയത്തിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരു പ്രസക്തിയുമില്ല. എന്നിട്ടും ഭര്‍ത്താവിനോട് മതം മാറണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ദീപ്തി കമീഷനോട് പറഞ്ഞിരിക്കുന്നത്.
അതീവ ഗൗരവത്തോടെ തന്നെയാണ് കമീഷന് ഈ കാര്യത്തെ കാണുന്നത്. കെവിന് സംഭവത്തിലൂടെ ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടിവന്നിരുന്നു. വീണ്ടും സമാനരീതിയിലുള്ള ആക്രമണം വിദ്യാഭ്യാസത്തില്‍ ഇത്രയേറെ മുന്നേറിയ കേരളം പോലൊരു സംസ്ഥാനത്തുണ്ടായത് ദൗര്‍ഭാഗ്യകരമാണ്.
കേസെടുക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസിെൻറ ഭാഗത്തുനിന്ന് നിസ്സഹകരണം ഉണ്ടായിട്ടുള്ളതായി ദീപ്തി പരാതിപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ വിശദ റിപ്പോര്‍ട്ട് എസ്.പിയോട് ആവശ്യപ്പെടും. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ കമീഷന് നടപടിയെടുക്കും. പ്രതി എത്ര ഉന്നതനായാലും ഏന്തൊക്കെ സ്വാധീനമുണ്ടെങ്കിലും വിട്ടുവീഴ്ചയില്ലാതെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ ഇടപെടല്‍ കമീഷന് നടത്തുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്. സരിത, എസ്. പ്രവീണ്‍ചന്ദ്ര എന്നിവരും ഷാഹിദ കമാലിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.