ഓട്ടോ തൊഴിലാളികൾക്കുനേരെ അക്രമം; അഞ്ചുപേർക്ക് പരിക്ക്
text_fieldsആറ്റിങ്ങൽ: നഗരത്തിൽ അർധരാത്രി കാറിലെത്തിയ സംഘം ഓട്ടോറിക്ഷ സ്റ്റാൻഡിൽ അക്രമം അഴിച്ചുവിട്ടു. അഞ്ചുപേർക്ക് പരിക്ക്. ഓട്ടോ തൊഴിലാളികളായ ബൈജു, രഞ്ജിത്ത്, ഷിബു, റഫീഖ്, സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ച 12.30ഓടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. മൂന്നംഗ സംഘം ആഡംബര കാറിലെത്തി സ്റ്റാൻഡിനടുത്ത് പാർക്ക് ചെയ്തശേഷം റോഡിലിറങ്ങി മൂത്രമൊഴിച്ചു.
ഓട്ടോ സ്റ്റാൻഡിന് സമീപത്തുനിന്നായിരുന്നു മൂത്ര വിസർജനം. ഇത് ഒരു ഓട്ടോറിക്ഷ തൊഴിലാളി ചോദ്യംചെയ്തത് അടിപിടിയിൽ കലാശിച്ചു. ഇതോടെ കാറിലിരുന്ന മറ്റു രണ്ടുപേർ ഹോക്കി സ്റ്റിക്കുകളുമായി ഇറങ്ങി ഓട്ടോറിക്ഷ തൊഴിലാളികളെ ആക്രമിച്ചു. പാർക്ക് ചെയ്തിരുന്ന ഓട്ടോകളിൽ കാർ ഇടിപ്പിക്കാനും ശ്രമിച്ചെന്ന് തോഴിലാളികൾ പറഞ്ഞു. അഞ്ച് ഓട്ടോറിക്ഷകൾ അടിച്ചുതകർക്കുകയും ഡ്രൈവർമാരെ മർദിക്കുകയും ചെയ്തു. പിന്നീട് സംഘം കാറിൽകയറി കൊല്ലം ഭാഗത്തേക്ക് കടന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ തൊഴിലാളികൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമികളെത്തിയ ബി.എം.ഡബ്ല്യു കാർ ആറ്റിങ്ങൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. കാറിലുണ്ടായിരുന്നവർ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.