നഗര ചുമരുകൾ വർണാഭമാക്കി കുരുന്നുകരങ്ങൾ
text_fieldsആറ്റിങ്ങൽ: നഗര മതിലുകളിൽ കുരുന്നു കലാകാരന്മാരുടെ വർണ വസന്തം വിരിയുന്നു. ആറ്റിങ്ങൽ നഗരസഭയും നാഷണൽ സർവിസ് സ്കീമും സംയുക്തമായാണ് കുട്ടികൾക്കായി ബൃഹത്തായ കാൻവാസുകൾ ഒരുക്കിയത്. ചുമരുകൾ പോസ്റ്ററുകൾ പതിച്ച് വികൃതമാക്കുന്നത് ഒഴിവാക്കാനും നഗരത്തിന്റെ മുഖച്ഛായ മിനുക്കാനുമാണ് പദ്ധതി. സ്വച്ച് ഹീ സേവ കാമ്പയിന്റെ ഭാഗമായി നഗരസഭയും വിവിധ എൻ.എസ്.എസ് യൂനിറ്റുകളും സംയുക്തമായാണ് ഇതിന് മുൻകൈയെടുക്കുന്നത്.
കഴിഞ്ഞമാസം 26ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ മിനി സിവിൽസ്റ്റേഷന്റെ ചുറ്റുമതിൽ ശുചീകരിച്ച് പരിപാടിക്ക് തുടക്കംകുറിച്ചു. ഇതര മതിലുകൾ നഗരസഭയും ശുചീകരിച്ചു. വെള്ള പെയിൻറ് അടിച്ച് കുരുന്നുകൾക്കുള്ള കാൻവാസുകൾ ഒരുക്കി. ഇതിൽ വിവിധ തരത്തിലുള്ള സാമൂഹികാവബോധം വളർത്തുന്ന ചിത്രങ്ങൾ വരക്കാൻ വിദ്യാർഥികൾ ഒത്തുചേർന്നു.
ദിവസങ്ങൾക്കുള്ളിൽ നഗരമതിലുകളിൽ കുട്ടി കലാകാരന്മാരുടെ കലാവൈഭവം തെളിഞ്ഞു. ആറ്റിങ്ങൽ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാലയങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകൾ ഓരോ മതിലുകളും ഏറ്റെടുത്ത് ചിത്രം വരക്കുകയാണ്. അധ്യയന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പുലർച്ച ഏഴോടെ കുട്ടികൾ ചിത്രംവരക്കിറങ്ങും. അധ്യയനം ആരംഭിക്കുംമുമ്പ് സ്കൂളുകളിലെത്തും. കഴിഞ്ഞ മൂന്നാഴ്ചയായി ഈ പ്രവർത്തനം തുടരുകയാണ്.
ശുചിത്വ ബോധവത്കരണം, ലഹരിവിരുദ്ധ ബോധവത്കരണം, അതിക്രമങ്ങൾക്കെതിരായ ബോധവത്കരണം എന്നിവയാണ് ചിത്രങ്ങളിലൂടെ തെളിയുന്നത്. മഹാത്മാക്കളുടെ വാചകങ്ങളും ചിത്രീകരണത്തിന് വിഷയമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.