മതിൽ തകർന്നു; അവസരം മുതലാക്കി സാമൂഹികവിരുദ്ധർ
text_fieldsആറ്റിങ്ങല്‍: സർക്കാർസ്ഥാപനങ്ങളുടെ ചുറ്റുമതിലുകൾ കാലപ്പഴക്കത്താൽ തകർച്ചയിലായി; പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തതിനെത്തുടർന്ന് ഇവിടങ്ങൾ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധകേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാലയങ്ങൾ, ആശുപത്രി, സർക്കാർ ഓഫിസ് കെട്ടിടങ്ങൾ എല്ലാം നിലവിൽ ഇത്തരം പ്രശ്നം നേടുന്നുണ്ട്. ടൗൺ യു.പി.എസിന്റെ മതിൽ സമീപകാലത്താണ് ഇടിഞ്ഞുവീണത്. ഗവ. ഗേൾസ് ഹൈസ്കൂളിലെ മതിൽ ഇടക്കിടെ പലഭാഗത്തായി ഇടിഞ്ഞുവീഴുന്നത് പതിവാണ്.
വലിയകുന്ന് താലൂക്കാശുപത്രിയുടെ മതില് വ്യാപകമായി തകർന്ന നിലയിലാണ്. ഇത് പുനര്‍നിര്‍മിക്കാന്‍ നടപടികളില്ല. ആശുപത്രിയുടെ കിഴക്ക് ഭാഗത്തുകൂടിയുള്ള റോഡിനോടുചേര്‍ന്ന് നിര്‍മിച്ചിരുന്ന മതിലാണ് പല ഭാഗത്തായി തകര്‍ന്ന് കിടക്കുന്നത്. ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡിന്റെ ഭാഗത്തെ മതിലിന്റെ കുറച്ചുഭാഗവും പൊളിഞ്ഞ് വീണിട്ടുണ്ട്. ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് 25 മീറ്ററോളം സ്ഥലത്തെ മതിലാണ് പൊളിഞ്ഞ് കിടക്കുന്നത്. ഇതിലൂടെ ആളുകള്‍ ആശുപത്രിക്കകത്തേക്കും പുറത്തേക്കും പോകുന്നുണ്ട്.
രാത്രികാലങ്ങളില്‍ സമൂഹവിരുദ്ധര്‍ ഇതുവഴി ആശുപത്രിവളപ്പില്‍ കടന്നുകയറുന്നതായാണ് പരാതി. ഡയാലിസിസ് യൂനിറ്റിലേക്കുള്ള കൂറ്റന്‍ ജനറേറ്റര്‍ ഉള്‍പ്പെടെ ഈ ഭാഗത്താണ് സ്ഥാപിച്ചിട്ടുള്ളത്. മതില് പുനര്‍നിര്‍മിച്ച് ആശുപത്രിയുടെ- സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സുരക്ഷാജീവനക്കാരില്ലാത്ത ആശുപത്രിയിലെ ജീവനക്കാരും കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.