ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി, തീരദേശത്ത് കുടിവെള്ളം മുട്ടി
text_fieldsആറ്റിങ്ങൽ: ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി; തീരദേശത്ത് കുടിവെള്ളം മുട്ടി. ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിനു സമീപത്താണ് ജല അതോറിറ്റിയുടെ ബൃഹത്തായ ജലവിതരണ പൈപ്പ് ലൈൻ തകർന്നത്. ദേശീയപാതയുടെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ എക്സ്കവേറ്റർ കടന്നുപോയപ്പോഴാണ് പൈപ്പ് ലൈൻ പൊട്ടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. തുടർന്ന് വെള്ളച്ചാട്ടത്തിന്റെ മാതൃകയിൽ കുടിവെള്ളം അണപൊട്ടി ഒഴുകുകയായിരുന്നു.
നാലു ഭാഗത്തേക്കും ശക്തിയിൽ ജലം ഒഴുകിയത് റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് തടസ്സമായി. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഈ മേഖലയിലാകെ മണ്ണിളകി കിടന്നതിനാൽ പ്രദേശം ഒന്നാകെ ചളിയായി മാറി. ആറ്റിങ്ങൽ വലിയകുന്നിലെ ജലശുദ്ധീകരണശാലയിൽനിന്നു തീരദേശ മേഖലയിലേക്കുള്ള ജല വിതരണ പൈപ്പ് ലൈൻ ആണ് തകർന്നത്. അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ പ്രദേശങ്ങളിലേക്കുള്ള ജലവിതരണത്തിന് കടയ്ക്കാവൂരിൽ പ്രത്യേകം സംഭരണി സ്ഥാപിച്ചിട്ടുണ്ട്.ഈ സംഭരണിയിലേക്കുള്ള പൈപ്പ് ആണ് തകർന്നത്. ഇത് തീരദേശ മേഖലയിലെ ജലവിതരണത്തെ ബാധിക്കും. തകരാർ പരിഹരിച്ചാൽ മാത്രമേ തീരദേശത്തേക്കുള്ള ജലവിതരണം സുഗമമായി നടത്താൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.