വാമനപുരം നദിയിൽ ജലക്ഷാമം; കുടിവെള്ള പദ്ധതികൾ താളംതെറ്റി
text_fieldsആറ്റിങ്ങൽ: വാമനപുരം നദിയിലെ ജലക്ഷാമം കുടിവെള്ള വിതരണ പദ്ധതികളെ അനിശ്ചിതത്വത്തിലാക്കി. ജല അതോറിറ്റിയുടെ ആറ്റിങ്ങൽ ഡിവിഷന് കീഴിലുള്ള കുടിവെള്ള വിതരണമാണ് താളംതെറ്റിയത്. വാമനപുരം നദി കേന്ദ്രീകരിച്ചാണ് ജില്ലയിലെ ഒരു ഡസനോളം കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്.
ചിറയിൻകീഴ്, വർക്കല താലൂക്കുകൾ പൂർണമായും തിരുവനന്തപുരം താലൂക്കിലെ കഴക്കൂട്ടം മേഖലയും നെടുമങ്ങാട് താലൂക്കിലെ വെഞ്ഞാറമൂട് മേഖലയിലും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്.
കടുത്ത വേനലിൽ നദി വറ്റിവരണ്ടതോടെ ജലക്ഷാമം രൂക്ഷമാണ്. രണ്ടാഴ്ച മുമ്പ് വേനൽമഴ ആരംഭിച്ചതോടെ നദിയിൽ ചെറിയ രീതിയിൽ നീരൊഴുക്ക് വന്നത് താൽക്കാലിക പ്രശ്നപരിഹാരമായിരുന്നു.
നദിയിൽ പൂവൻപാറ ചെക്ഡാം വരെ നീരൊഴുക്ക് വന്നിരുന്നു. നിലവിൽ നദിയിലെ നീരൊഴുക്ക് വീണ്ടും നിലച്ചു. കയങ്ങളിൽ ഉണ്ടായിരുന്ന വെള്ളവും ഏറക്കുറെ വറ്റി. ഇതോടെ പല കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനം പൂർണമായി നിർത്തിവെച്ചു.
എട്ടുമണിക്കൂർ പ്രവർത്തിച്ചിരുന്ന പമ്പിങ് കിണറുകൾ ഭൂരിഭാഗവും ഒന്നു മുതൽ നാലു മണിക്കൂർ വരെ മാത്രമായി പ്രവർത്തനം ചുരുങ്ങി. ജനങ്ങളുടെ കുടിവെള്ള ഉപഭോഗം വേനൽ കടുത്തതോടെ വർധിച്ചു. ഇതിനനുസരിച്ച് വെള്ളം വിതരണം ചെയ്യാൻ ജലഅതോറിറ്റിക്ക് കഴിയുന്നില്ല. ജല വിതരണം ദിവസങ്ങൾ ക്രമീകരിച്ച് നടത്തുന്ന രീതിയാണ് ആഴ്ചകളായി തുടരുന്നത്.
തെരഞ്ഞെടുപ്പ് കാലമായതിനാൽ പരമാവധി കുടിവെള്ളം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദം ഉണ്ടായി. ഇതും നദി വേഗത്തിൽ വറ്റുന്നതിന് കാരണമായി. വാമനപുരം നദിയുടെ വൃഷ്ടിപ്രദേശ മേഖലയായ മലയോര പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ മാത്രമേ നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുകയുള്ളൂ.
വാമനപുരം നദി കേന്ദ്രീകരിച്ചുള്ള വർക്കല കുടിവെള്ള പദ്ധതി ദിവസങ്ങൾക്ക് മുമ്പേ പൂർണമായി നിർത്തി വെച്ചു. മറ്റു പല പദ്ധതികളും ദിവസങ്ങളുടെ ഇടവേളയിൽ ആണ് നാമമാത്രമായി പ്രവർത്തിക്കുന്നത്. നഗര മേഖലയിൽ ഉൾപ്പെടെ ജല വിതരണം തടസ്സപ്പെടുന്നു. ഗ്രാമീണ മേഖലകളിൽ ആഴ്ചകളായി ജലം കിട്ടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.