കുടിവെള്ള പ്രശ്നം രൂക്ഷം; വാമനപുരം ശുദ്ധജല ഡാം പ്രസക്തി വർധിക്കുന്നു
text_fieldsആറ്റിങ്ങൽ: വാമനപുരം നദിയിലെ കുടിവെള്ള പ്രശ്നം എല്ലാ വേനൽക്കാലത്തും ഉയർന്നുവരുന്നതാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് ശുദ്ധജല ഡാം നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിച്ചുവരുന്നുണ്ട്. ശുദ്ധജല ഡാമും നദിയിലുടനീളം തടയണകളും നിർമിച്ചാലേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. നിലവിൽ വാമനപുരം നദിയിൽ പൂവൻപാറക്ക് സമീപം ഒരു ചെക്ക് ഡാം ഉണ്ട്. ഇതിന്റെ ഉയരം താൽക്കാലികമായി കൂട്ടി വെള്ളം തടഞ്ഞുനിർത്താറുണ്ട്. സമാന രീതിയിൽ കാരേറ്റും താൽക്കാലിക തടയണ നിർമിച്ചാണ് കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുന്നത്. ഇത് പോരാതെ വരുന്നതാണ് നിലവിലെ അവസ്ഥ. ഗുരുതരമായ സ്ഥിതിവിശേഷമാണ് കുടിവെള്ള വിതരണത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഡാം ഇല്ലാത്ത ഏക നദി വാമനപുരമാണ്.
ഈ ആവശ്യം ഉന്നയിച്ച് വാമനപുരം ശുദ്ധജല ഡാം അഖിലകക്ഷി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്ന് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നദിയിൽ ശുദ്ധജല ഡാം നിർമിക്കാൻ നടപടികൾ തുടങ്ങിയതാണ്. ജലസേചന-വൈദ്യുതി ഡാമിന്റെ മൂന്നിലൊന്ന് ചെലവ് മാത്രമേ ശുദ്ധജല ഡാം നിർമാണത്തിന് വരൂ. ഡാം നിർമാണത്തിന് നടപടികളാരംഭിച്ചെങ്കിലും പദ്ധതിപ്രദേശത്തെ ചില വൻകിട ഭൂവുടമകളുടെയും തൽപരകക്ഷികളുടെയും ശക്തമായ സ്വാധീനത്തെതുടർന്ന് അനിശ്ചിതത്വത്തിലായി. വാമനപുരം നദിയിൽ ഒരു ശുദ്ധജല ഡാം നിർമിച്ചാൽ മാത്രമേ തിരുവനന്തപുരം ജില്ലയിലെ ഭൂരിപക്ഷം പ്രദേശത്തെയും ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരമാകൂവെന്ന് വാമനപുരം നദി ശുദ്ധജല ഡാം ആക്ഷൻ കൗൺസിൽ ചെയർമാൻ ജി. സുഗുണൻ പറഞ്ഞു. നദിയിലെ ജലം വറ്റിത്തുടങ്ങിയതിനെതുടർന്ന് മേഖലയിലുണ്ടായ വൻ കുടിവെള്ള പ്രതിസന്ധിക്ക് യുദ്ധാകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.