പാലസ് റോഡിലെ വെള്ളക്കെട്ട്: നടപടി വൈകുന്നു; ജനം ദുരിതത്തിൽ
text_fieldsആറ്റിങ്ങൽ: പാലസ് റോഡിലെ വെള്ളക്കെട്ടിൽ നടപടി വൈകുന്നു. പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പിറകുവശത്തെ വെള്ളക്കെട്ടാണ് ജനങ്ങൾക്ക് ശല്യമാകുന്നത്. ഈ ഭാഗത്തെ ഓട അടഞ്ഞതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം. ബസ് സ്റ്റാൻഡിൽനിന്ന് പുറത്തിറങ്ങി ഇടതുവശത്തോട്ട് നടക്കുമ്പോൾ രൂക്ഷ ദുർഗന്ധമാണ്. മൂക്കുപൊത്തിപോലും നടക്കാൻ കഴിയാത്ത സ്ഥിതി. വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് അടിച്ച് കയറുന്നുണ്ട്.
ബസ് സ്റ്റാൻഡിനകത്തെ കക്കൂസിന്റെ െഡ്രയിനേജ് പൊട്ടി റോഡിലേക്ക് ഒഴുകുന്നതായി നാട്ടുകാർ പറയുന്നു. നഗരസഭയുടെ ഓട കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാണ്. ആറ് മാസമായി ഈ അവസ്ഥ തുടങ്ങിയിട്ട്. റോഡിന് കുറുകെ ഉള്ള കലുങ്ക് തകർന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നഗരസഭ ഉദ്യോഗസ്ഥർ സ്ലാബ് പൊളിച്ച് പരിശോധിച്ചപ്പോൾ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡും കലുങ്കും ആയതിനാൽ വകുപ്പധികൃതർ പ്രശ്നപരിഹാരം കാണണമെന്നാണ് നഗരസഭ ആവശ്യപ്പെടുന്നത്.
ഈ ആവശ്യത്തിന്മേൽ വകുപ്പിന് നേരത്തേ കത്തും നൽകിയിരുന്നു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മടങ്ങിയതല്ലാതെ ഒരു പരിഹാരവും ഇവിടെ ഉണ്ടായിട്ടില്ല. നിലവിൽ വ്യാപാരികളും നഗരത്തെ ആശ്രയിക്കുന്നവരും പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.