ഓട്ടോയില്‍ യുവതി പ്രസവിച്ചു; രക്ഷകരായി ദമ്പതികള്‍
text_fieldsആറ്റിങ്ങൽ: ആശുപത്രിയിലേക്ക് പോകുംവഴി ഓട്ടോക്കുള്ളില്‍ യുവതി പ്രസവിച്ചു; അമ്മക്കും കുഞ്ഞിനും രക്ഷകരായത് സമീപവാസിയായ ദമ്പതികൾ. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. വര്‍ക്കല തച്ചോട് സ്വദേശിനിയാണ് ഓട്ടോക്കുള്ളിൽ പ്രസവിച്ചത്. എട്ടുമാസം ഗര്‍ഭിണിയായ യുവതിയും മാതാവും ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു. ഓട്ടോഡ്രൈവര്‍ക്ക് വഴിതെറ്റി റെയില്‍വേ ലെവല്‍ ക്രോസിനപ്പുറം പണ്ടകശ്ശാല ജങ്ഷനിലെത്തുകയായിരുന്നു. ഇവിടെ റെയില്‍വേ മേല്‍പാലം പണി നടക്കുന്നതിനാല്‍ വഴി അടച്ചിരിക്കുകയാണെന്ന് മനസ്സിലാക്കി തിരികെ ശാര്‍ക്കര റോഡിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുന്നതിനിടെ, യുവതിക്ക് പ്രസവവേദന ആരംഭിച്ചു.
ഡ്രൈവര്‍ പണ്ടകശ്ശാലക്കു സമീപമുള്ള വീട്ടില്‍ ആംബുലന്‍സ് വിളിക്കാന്‍ സഹായം അഭ്യര്‍ഥിച്ചു. ഈ സമയം ഓട്ടോയിൽ നിന്ന് നിലവിളി കേട്ട് സൗദിയില്‍ നഴ്സായ ആര്‍ദ്രയും ഭര്‍ത്താവ് ശ്യാംരാജും യുവതിക്കരികിലെത്തി. ഈ സമയം കുഞ്ഞിന്റെ തലഭാഗം പുറത്തെത്തിയ നിലയിലായിരുന്നു. അവസ്ഥ മനസ്സിലാക്കിയ ആര്‍ദ്ര കുഞ്ഞിനെ പുറത്തെടുക്കാന്‍ തീരുമാനിച്ചു. ശ്യംരാജ് റോഡിലെ യാത്രക്കാരായ സ്ത്രീകളെ കൂട്ടി ആര്‍ദ്രക്ക് സഹായത്തിനെത്തിച്ചു.
കൈയില്‍ കിട്ടിയ തുണി ഉപയോഗിച്ച് ഓട്ടോറിക്ഷക്ക് മറയുണ്ടാക്കി. സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും സഹായത്തിനെത്തി. തുണിയും ചൂടുവെള്ളവും മറ്റുമുപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് വസ്ത്രത്തിനിടയില്‍ ഞെരുങ്ങിയ നിലയിലായിരുന്നു. ആര്‍ദ്രയുടെ ശ്രമഫലമായി കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും ശ്വാസമില്ലാത്ത അവസ്ഥയിലായി. കുഞ്ഞിനെ തലകീഴാക്കി പുറംഭാഗത്ത് ശക്തിയായി അമര്‍ത്തിയും ജീവന് നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങളെല്ലാം തുടരുന്നതിനിടെ, കുഞ്ഞ് കരഞ്ഞതോടെ എല്ലാവര്ക്കും ആശ്വാസമായി.
പൊക്കിള്‍ക്കൊടി അറുത്തുമാറ്റാന്‍ കഴിയാതെ വന്നതോടെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആര്‍ദ്ര ആവശ്യപ്പെട്ടു. ഈ സമയം ആംബുലന്‍സ് എത്തിയെങ്കിലും അമ്മയെയും കുഞ്ഞിനെയും ഓട്ടോയില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത നിലയിലായിരുന്നു. തുടര്‍ന്ന്, പ്രസവം നടന്ന അതേ ഓട്ടോയില്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിക്കാണ് യുവതി ജന്മം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.