തെറ്റായ കോവിഡ് റിസൽട്ടിൽ വിമാന ടിക്കറ്റെടുത്ത യുവാവിന് 85000 രൂപ നഷ്ടം; ലാബ് പൂട്ടിച്ചു
text_fieldsആറ്റിങ്ങൽ: നഗരസഭ പരിധിയിൽ പ്രവർത്തനാനുമതി ഇല്ലാത്ത ലാബിൽനിന്ന് തെറ്റായ കോവിഡ് ഫലം; യുവാവിന് 85000 രൂപ നഷ്ടം. നഗരസഭ ഇടപെട്ട് സ്ഥാപനം പൂട്ടിച്ചു. നദാനിയാസ് ഡയഗ്നോസ്റ്റിക് ക്ലിനിക് എന്ന സ്ഥാപനത്തിൽനിന്നാണ് അവനവഞ്ചേരി സ്വദേശി അരുൺ ആർ.വിക്ക് തെറ്റായ കോവിഡ് പരിശോധന ഫലം ലഭിച്ചത്.
ഇലക്ട്രീഷ്യനായ ഇദ്ദേഹം ഗൾഫിലേക്ക് ജോലി തേടി പോകുന്നതിന് വേണ്ടിയാണ് 21 ന് രാവിലെ ലാബിൽ കോവിഡ് പരിശോധനക്ക് വിധേയനായത്.
പരിശോധന ഫലം നെഗറ്റിവാണെന്ന വിവരം അന്നേ ദിവസം വൈകീട്ടോടെ ലാബ് അധികൃതർ അരുണിനെ അറിയിക്കുകയും ഇയാൾ ലാബിലെത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. പരിശോധന ഫലം ലഭിച്ചയുടനെ ട്രാവൽ ഏജൻസിയിലെത്തി 85000 രൂപ ചെലവിട്ട് വിമാന ടിക്കറ്റും ഇയാൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ, രാത്രിയോടെ ലാബ് അധികൃതർ അരുണിനെ ഫോണിലൂടെ ബന്ധപ്പെട്ട് ആദ്യം നൽകിയ പരിശോധന ഫലം തെറ്റാണെന്നും താങ്കൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു എന്നും അറിയിച്ചു.
വിശദവിവരം ചോദിച്ച് മനസ്സിലാക്കാൻ ലാബിലെത്തിയ അരുണിെൻറ പക്കൽനിന്ന് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈക്കലാക്കി നശിപ്പിച്ചുകളയാനും ലാബിലെ ജീവനക്കാർ ശ്രമം നടത്തി. പ്രതിസന്ധിയിലായ ഇദ്ദേഹം നഗരസഭ കൗൺസിലർ ആർ.എസ്. അനൂപിനെ വിവരമറിയിച്ചു. തുടർന്ന് അനൂപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. നജാം, കൗൺസിലർ എസ്. സുഖിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണുചന്ദ്രൻ എന്നിവരടങ്ങിയ സംഘം കിഴക്കേ നാലുമുക്ക് അയിലം റോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തി അധികൃതരോട് സംസാരിച്ചു. അരുണിന് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുമെന്ന് ലാബ് അധികൃതർ ഇവർക്ക് ഉറപ്പുനൽകി. വിഷയം അറിഞ്ഞ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ ലാബ് പ്രവർത്തിക്കുന്നതിന് വേണ്ട മതിയായ രേഖകളില്ലെന്ന് കണ്ടെത്തി.
ഹെൽത്ത് സൂപ്പർ വൈസർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ ഷെൻസി എന്നിവർ സ്ഥലത്തെത്തി നിയമപരമായ അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനം പൂട്ടിച്ചു. ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.