യുവാക്കളെ ആക്രമിച്ച് ബൈക്ക് കത്തിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: ബൈക്കിൽ വരികയായിരുന്ന യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച ശേഷം ബൈക്ക് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ ഒരാളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരധിയിലെ പെരുംകുളം മിഷൻ കോളനി എ.എസ് മൻസിലിൽ അനസ്(30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടിന് പെരുങ്കുളം ജങ്ഷനിലായിരുന്നു സംഭവം.
ബൈക്കിൽ വരികയായിരുന്ന വഞ്ചിയൂർ പട്ടള ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം എസ്.എം ഭവനിൽ യദു കൃഷ്ണ (21), ഇയാളുടെ സുഹൃത്ത് അഭിഷേക് എന്നിവർക്കുനേരേയാണ് സംഘടിച്ചെത്തിയ നാലംഗസംഘം ആക്രമണം നടത്തിയത്. ബൈക്ക് തടഞ്ഞുനിർത്തി ഇരുവരെയും മർദിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇരുമ്പുവടി കൊണ്ട് ബൈക്കിെൻറ പെട്രോൾ ടാങ്ക് കുത്തിപ്പൊട്ടിച്ച് ബൈക്കിന് തീയിട്ടു. ഇതിനുശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ കടയ്ക്കാവൂർ പൊലീസ് സംഭവസ്ഥലത്തും പരിസരത്തുമുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങളും, സൈബർ സെല്ലിെൻറ സഹായത്തോടെ ആയിരക്കണക്കിന് ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഒരാളെ പിടികൂടുകയും ചെയ്തു. മറ്റ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പെരുങ്കുളം ജങ്ഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപന നടത്തുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐമാരായ ദീപു എസ്, നസീറുദ്ദീൻ, എ.എസ്.ഐമാരായ ശ്രീകുമാർ, ജയകുമാർ, എസ്.സി.പി.ഒമാരായ സിയാദ്, ജ്യോതിഷ്, ജിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.