ആറ്റുകാൽ അയ്യപ്പനാചാരി കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം
text_fieldsതിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാചാരിയെ(52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ അനിൽകുമാറിന് ജീവപര്യന്തം കഠിന തടവും 16,22,500 രൂപ പിഴയും ശിക്ഷ.
തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ ആണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമേ, നിയമവിരുദ്ധമായ സംഘം ചേരൽ, ലഹള, ഭവന കൈയേറ്റം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്ക് 30 വർഷം അധിക തടവ് അനുഭവിക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
കൂട്ടുപ്രതികളായ രണ്ടു മുതൽ ഒമ്പതു വരെ പ്രതികൾക്ക് 30 വർഷം വീതം കഠിനതടവും 1,22,500 രൂപ വീതം പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കൂടി അധിക തടവ്.
പിഴത്തുക മരണപ്പെട്ട അയ്യപ്പനാചാരിയുടെ ആശ്രിതർക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, കൊല്ലപ്പെട്ട അയ്യപ്പനാചാരിയുടെയും സഹോദരൻ രാജഗോപാൽ ആചാരിയുടെയും ആശ്രിതർക്ക് ലീഗൽ സർവിസ് അതോറിറ്റിയിലൂടെ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഖിലാ ലാൽ, ദേവികാ മധു എന്നിവർ ഹാജരായി.
കമലേശ്വരം ബലവാൻ നഗറിൽ അനിൽകുമാർ(45), മണക്കാട് കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സുനിൽകുമാർ (41), സുനിയുടെ സഹോദരൻ അനിൽകുമാർ(45), കഞ്ഞിപ്പുര തോപ്പുവിളാകം വീട്ടിൽ ചന്ദ്രന്റെ മകൻ മനോജ് (38), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ കൃഷ്ണൻകുട്ടി മകൻ ഉണ്ണി (41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സതീഷ് കുമാർ(43), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സന്തോഷ്(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ തോപ്പുവിളാകം വീട്ടിൽ സന്തോഷ്(42), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സന്തോഷ്(38), എന്നിവരാണ് ഒന്നു മുതൽ ഒമ്പതു വരെ പ്രതികൾ.
19 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ ആരംഭിച്ചത് 19 വർഷത്തിനു ശേഷമാണ്. വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ കളിപ്പാംകുളം കഞ്ഞിപ്പുര നിവാസികളായ ശ്രീകണ്ഠൻ നായരുടെ മകൻ സനോജ്, സുലോചനൻ നായരുടെ മകൻ പ്രകാശ്, ചന്ദ്രന്റെ മകൻ സുരേഷ് എന്നിവർ മരിച്ചു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ഏഴു പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
2004 ആഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാൽ മേടമുക്ക് മുത്താരമ്മൻ കോവിലിന് സമീപം അയ്യപ്പനാചാരി കൊല്ലപ്പെടുന്നത്. ഓണാഘോഷത്തിന് പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.