തനിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി ആറ്റുകാൽ കൗൺസിലർ
text_fieldsതിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രനടയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കള്ളക്കേസെടുത്തെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച പൊലീസുകാർക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ട് ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ ഫോർട്ട് പൊലീസിന് എതിരെ താൻ നടത്തിയ അഭിപ്രായ പ്രകടനവും അന്നേ ദിവസം ഉദ്ഘാടനം നടത്താനിരുന്ന റോഡിലേക്ക് പൊലീസ് വാഹനം കടത്തിവിടാതിരിക്കാൻ ഇടപ്പെട്ടതുമാണ് ഉദ്യോഗസ്ഥരുടെ വൈരാഗ്യത്തിനു കാരണമെന്നാണു കൗൺസിലറുടെ പരാതി.
തന്നോടുള്ള വൈരാഗ്യം കാരണം താൻ ദർശനത്തിനായി കൊണ്ടുവന്ന പ്രായമായ അമ്മമാരെ കടത്തിവിടാതെ മറ്റു ഭക്തരെ കടത്തിവിടുകയാണ് ചെയത്. ഇതാണ് വാക്കുതർക്കത്തിൽ കലാശിച്ചത്. ബോധപൂർവം പ്രകോപനം ഉണ്ടാക്കി പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. സംഭവ ദിവസം ഫോർട്ട് സ്റ്റേഷനിലെ ബിജെപി ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ഫോൺ വിളികൾ പരിശോധിച്ചാൽ തന്നെ ഗൂഡാലോചന വ്യക്തമാകുമെന്നും പരാതിയിൽ പറയുന്നു.
വഴിതടഞ്ഞ വനിത സിവിൽ പൊലീസ് ഓഫിസറെ കൗൺസിലർ വലതു കൈമുട്ടുമടക്കി നെറ്റിയിൽ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്തെന്നും കാണിച്ചാണ് ശനിയാഴ്ച ജാമ്യമില്ല വകുപ്പുപ്രകാരം ഫോർട്ട് പൊലീസ് ഉണ്ണികൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പൊലീസിന്റെ എഫ്.ഐ.ആർ കെട്ടിച്ചമച്ചതാണെന്ന കൗൺസിലറുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സംഭവത്തിൽ സിറ്റി പൊലീസ് കമീഷണർ ഫോർട്ട് എസ്.എച്ച്.ഒയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.