ചുടുകട്ടയിൽ മേയർക്ക് ‘പൊങ്കാല’, മലക്കം മറിഞ്ഞ് കോർപറേഷൻ
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കുശേഷം ഭക്തർ ഉപേക്ഷിച്ചുപോകുന്ന ചുടുകല്ല് ശേഖരിക്കുന്നവരിൽനിന്ന് പിഴയീടാക്കുമെന്ന് പറഞ്ഞ മേയർ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ ‘പൊങ്കാല’. പ്രതിപക്ഷമടക്കം മേയർക്കെതിരെ ട്രോളും വിമർശനവും ശക്തമായതോടെ പിഴയീടാക്കുമെന്ന് ഞായറാഴ്ച വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ച മേയർ തിങ്കളാഴ്ച അതൊക്കെ തെറ്റായ വാർത്തകളാണെന്ന് ആരോപിച്ച് തടിതപ്പി.
ഞായറാഴ്ചയാണ് പൊങ്കാലക്കുശേഷം ഭക്തർ ഉപേക്ഷിച്ച് പോകുന്ന ചുടുകല്ലുകൾ നഗരസഭ ശേഖരിച്ച് ലൈഫ് പോലുള്ള ഭവന പദ്ധതികൾക്ക് കൈമാറുമെന്നും ഇത്തരം കല്ലുകൾ സ്വകാര്യവ്യക്തികൾ ശേഖരിച്ചാൽ പിഴയീടാക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ വിശദീകരിച്ചത്. മുൻകാലങ്ങളിൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകട്ടകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്ന ലോബികളുണ്ടെന്ന് കോർപറേഷൻ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രിയുമായുള്ള ചർച്ചയിൽ ഭക്തർ ഉപേക്ഷിച്ച് പോകുന്ന ചുടുകല്ല് ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കോർപറേഷനാണെന്നും പൊങ്കാലക്കുശേഷം ചുടുകല്ലുകൾ ശേഖരിക്കുന്നവർക്കെതിരെ പിഴയീടാക്കാൻ തീരുമാനിച്ചതായും മേയർ അറിയിച്ചത്.
ഇതുസംബന്ധിച്ച വാർത്തസമ്മേളനത്തിന്റെ ലിങ്കും മേയർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. സി.പി.എം മുഖപത്രമടക്കം മേയറുടെ പിഴ തീരുമാനം വാർത്തയാക്കി. എന്നാൽ, ഇതിനെതിരെ വിമർശനമുയർന്നതോടെ പിഴ വേണ്ടെന്നുവെക്കുകയും ഭക്തർ ഉപേക്ഷിച്ചു പോകുന്ന ചുടുകല്ല് മാത്രമേ ശേഖരിക്കൂവെന്നും അല്ലാത്തവ അവരവർക്കുതന്നെ തിരികെ കൊണ്ടുപോകാമെന്നുമാണ് കോർപറേഷന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.