മേയർക്കെതിരായ മോശം പരാമർശം: പ്രതിഷേധം കടുപ്പിച്ച് ഭരണപക്ഷം
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കെ. മുരളീധരൻ എം.പി നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കടുപ്പിച്ച് ഭരണപക്ഷം. മേയർക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് കോർപറേഷൻ പ്രവർത്തനം സ്തംഭിപ്പിക്കാനാവുമോ എന്നാണ് കോൺഗ്രസ് നേതാക്കൾ നോക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മുരളീധരെൻറ പ്രസ്താവന അപലപനീയമാണ്. ജനം തങ്ങളെ നിരാകരിച്ചെന്ന് മനസ്സിലാക്കാതെ കുത്തിത്തിരുപ്പ് നടത്തി കോർപറേഷൻ ഭരണം സ്തംഭിപ്പിക്കാനാണ് ബി.ജെ.പി നോക്കുന്നത്. ബി.ജെ.പിയെ പിന്തുണച്ച് കോൺഗ്രസും എത്തി. ജനം ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മകളാകാൻ പ്രായമുള്ള മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച മുരളീധരെൻറ മാനസികാവസ്ഥ അപാരമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.
കെ. മുരളീധരൻ എം.പിയുടെ സ്ത്രീ വിരുദ്ധ പരാര്‍ശത്തിനെതിരെ നഗരസഭയിലെ എൽ.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭയിൽനിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ പ്രകടനം വി.കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സലിം, ഡി.ആര്. അനില്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയനും തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് അസോസിയേഷനും ചേർന്ന് കോർപറേഷൻ അങ്കണത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ് വിശദീകരണം നടത്തി.
ടി.എം.സി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കെ.എം.സി.എസ്.യു (കെ.എം.സി.എസ്.യു) നേതാക്കളായ എസ്.എസ്. മിനു, ആർ.വി. ഷിബു, ഒ. ബിജി, എസ്. സജീവ്, വി. രഞ്ജു, വി.എൻ. ശിവപ്രസാദ്, ടി.എം.സി.ഡബ്ല്യു.എ നേതാവ് രാജഗോപാൽ എന്നിവർ സംസാരിച്ചു. കെ. മുരളീധരൻ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് രാജി വെക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ല കമ്മിറ്റി സെക്രേട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ജെ.ജെ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
ഇടത് യൂനിയൻ നേതാവിെൻറ അറസ്റ്റ്: സമരം മയപ്പെടുത്താൻ പ്രതിപക്ഷം
തിരുവനന്തപുരം: നികുതി വെട്ടിപ്പിൽ ഇടതുപക്ഷ യൂനിയൻ സംസ്ഥാന നേതാവ് അറസ്റ്റിലായതോടെ സമരത്തിൽ അയവ് വരുത്താൻ ബി.ജെ.പിയും കോൺഗ്രസും. രാപകല്‍ സമരം 27 ദിവസവും നിരാഹാരം ഏഴുദിവസവും പൂര്‍ത്തിയാക്കുമ്പോള്‍ സമരം വിജയിച്ചെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തൽ.
ബി.ജെ.പിയുടെ ആവശ്യപ്രകാരം ബുധനാഴ്ച വൈകീട്ട് നാലിന് ചേരുന്ന പ്രേത്യക കൗൺസിലിൽ ഭരണസമിതിയുടെ നിലപാടറിഞ്ഞശേഷമാകും സമരത്തിെൻറ തുടര്‍ നടപടികളെന്ന് ജില്ല പ്രസിഡൻറും കൗൺസിലറുമായ വി.വി. രാജേഷ് അറിയിച്ചു. 15 ദിവസമായി കോർപറേഷനുള്ളിൽ നടക്കുന്ന യു.ഡി.എഫ് കൗൺസിലർമാരുടെ സത്യഗ്രഹത്തിെൻറ ഭാവിയും പ്രത്യേക കൗൺസിലിലെ ഭരണസമിതിയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്ന് പാർലമെൻറി പാർട്ടി നേതാവ് പി. പത്മകുമാർ അറിയിച്ചു. ഇതുസംബന്ധിച്ച് ബുധനാഴ്ച നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയവും സബ്മിഷനും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വീട്ടുകരം തട്ടിപ്പിനെതിരെ ബി.ജെ.പി നടത്തുന്ന നിരാഹാര സമരത്തില്‍ ആരോഗ്യസ്ഥിതി മോശമായ ആറ് കൗണ്‍സിലര്‍മാരെ ആശുപത്രിയിലേക്ക് മാറ്റി. തുരുത്തുംമൂല കൗണ്‍സിലര്‍ രാജലക്ഷ്മി, കാഞ്ഞിരംപാറ കൗണ്‍സിലര്‍ സുമി ബാലു, ചെറുവയ്ക്കല്‍ കൗണ്‍സിലര്‍ എസ്.ആര്. ബിന്ദു, ചാല കൗണ്‍സിലര്‍ സിമി ജ്യോതിഷ്, ചെട്ടിവിളാകം കൗണ്‍സിലര്‍ മീനാ ദിനേശ്, പാപ്പനംകോട് കൗണ്‍സിലര്‍ ആശാനാഥ് എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കര്‍ഷകമോര്‍ച്ച ധര്‍ണ നടത്തി
തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പില്‍ പ്രതിഷേധിച്ചും നിരാഹാര സമരം നടത്തുന്ന കൗണ്‍സിലര്‍മാര്‍ക്ക് അഭിവാദ്യമർപ്പിച്ചും കര്‍ഷകമോര്‍ച്ച ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് ഉദ്ഘാടനം ചെയ്തു. വെങ്ങാനൂര്‍ ഗോപകുമാര്‍, എന്‍.വി. രഞ്ജിത്, മണമ്പൂര്‍ ദിലീപ്, മഞ്ചന്തല സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മലയിന്‍കീഴ് രാധാകൃഷ്ണന്, ദീപക് മുരുകേശന്, കുടപ്പനക്കുന്ന് ബിജു, പാറശാല രാജേഷ്, രാമചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.