ഇത്തവണത്തെ ഓണ പ്രതീക്ഷയും നഷ്ടപ്പെട്ട് ബാലരാമപുരം കൈത്തറി മേഖല
text_fieldsബാലരാമപുരം:ഏറെ പ്രതീക്ഷയടെ കാത്തിരുന്ന ഇത്തവണത്തെ ഓണ സീസണിലെയും പ്രതീക്ഷകള്‍ അസ്തമിച്ച് ബാലരാമപുരം കൈത്തറി മേഖല. ലോക്ഡൗണിനെ തുടര്‍ന്ന് നെയ്ത്ത് ശാലകള്‍ അടച്ചിട്ടതാണ് തൊഴിലാളികളുടെ ഇത്തവണത്തെ ഓണക്കാലത്തെ പ്രതീക്ഷകള്‍ തകര്‍ത്തത്. ബാലരാമപുരം ശാലിഗോത്രത്തെരുവിലെ നെയ്ത്ത് പുരകളില്‍ പണിയെടുക്കുന്ന പലരും പ്രതീക്ഷകള്‍ നഷ്ടപ്പെട്ട തരത്തിലാണ് .ലോക്ഡൗണിനെ തുടര്‍ന്ന് ഓണ വിപണിയിലേക്കുള്ള വസ്ത്ര നിര്‍മ്മാണത്തിന്റെ ഏറിയ പങ്കും നിലച്ചിരിക്കുന്നത്.
ഓണം വിഷു തുടങ്ങിയ ഉത്സവ സീസണുകളിലാണ് കൈത്തറി തുണിത്തരങ്ങള്‍ ഏറ്റവുമധികം വിറ്റു പോകുന്നത്.എന്നാല്‍ കഴിഞ്ഞ തവണത്തെ ഓണക്കലാത്തും വിഷു,ഉത്സവ കാലത്തും എത്തിയ കോറോണ കൈത്തറി മേഖലയെ കടുത്ത നിരാശയിലാക്കി. കഴിഞ്ഞ തവണത്തെ ഓണം കൈത്തറി മേഖലയെ നിശ്ചലമാക്കിയെങ്കിലും ഇത്തവണത്തെ ഓണം ഏറെ പ്രതീക്ഷയോടെയായിരുന്നു തൊഴിലാളികള്‍ കാത്തിരുന്നത്.എന്നാല്‍ വീണ്ടും ലോക് ഡൗണ്‍ വന്നതോടെ കൈത്തറി തൊഴിലാളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുകയാണ്.കടവും പലിശക്കും വാങ്ങി കൈത്തറി വസ്ത്രം നെയ്യുന്നതിനായി ചിലവാക്കുന്ന തുക ഇനി തിരികെ പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ പറയുന്നത്.നിത്യ ചിലവിന് പോലും പണമില്ലാതെ വന്നതോടെ വീടിന് സമീപത്തുള്ള തറിപുരകളില്‍ കൊറോണ കാലത്തും വസ്ത്രം നെയ്യുന്ന നെയ്ത്തുകാരുമുണ്ട്.
എന്നാല്‍ നെയ്യുന്ന വസ്ത്രം കൊടുക്കുന്നതിനും വാങ്ങുന്നതിനും ആളില്ലാതെ പോകുന്നത് ഈ മേഖലയെ ബുദ്ധിമുട്ടിലാക്കുന്നു.പേരുകേട്ട ബാലരാമപുരം കൈത്തറി വാങ്ങുന്നതിന് ഓണ സീസണില്‍ ബാലരാമപുരം കൈത്തറി മേഖലയിലെത്തുന്നത് നിരവധി പേരാണ്.പൊതുവേ പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് കനത്ത തിരിച്ചടിയാണ് കോവിഡും അതിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണും നല്‍കുന്നതെന്ന് ബാലരാമപുരം സ്വദേശിയായ നെയ്ത് തൊഴിലാണി മോഹനന്‍ എന്ന അറുപത്തി എട്ടുകാരന്‍ പറയുന്നു.കൈത്തറി മേഖലയിലെ ഫണ്ട് തട്ടിയെടുക്കുന്ന സഹകരണ സംഘങ്ങള്‍ക്കാണ് കൈത്തറിയുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.ഈ ഓണ സീസണ്‍ കൂടി പ്രതീക്ഷതകര്‍ത്താല്‍ നെയ്ത്ത് തൊഴിലാളികള്‍ കടക്കെണിയിലാകപ്പെടുന്ന സ്ഥിതിവിശേഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.