അഭിരാമി ഭവന് പാലുകാച്ച്, അന്തിയുറങ്ങാൻ അഭിരാമിയില്ല
text_fieldsബാലരാമപുരം: നട്ടെല്ലിലെ മജ്ജയിൽ അർബുദം ബാധിച്ച് മരിച്ച ഏഴാം ക്ലാസുകാരി അഭിരാമിയുടെ കുടുംബത്തിന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) നിർമിച്ചുനൽകുന്ന അഭിരാമി ഭവെൻറ പാലുകാച്ച് വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും. ഇതോടനുബന്ധിച്ചുള്ള സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കെ.എസ്.ടി.എ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിർവഹിക്കും. ഭവന സമർപ്പണം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും താക്കോൽ ദാനം കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും നിർവഹിക്കും.
കെ.എസ്.ടി.എ ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനത്തിന് അധ്യാപകരിൽനിന്ന് സമാഹരിച്ച തുകയിൽനിന്ന് സമ്മേളനച്ചെലവ് ചുരുക്കി കണ്ടെത്തിയ തുക ഉപയോഗിച്ചാണ് വീട് നിർമിച്ചത്.
രാമപുരം വാർഡിൽ താന്നിമൂട് താന്നിനിന്നവിള ഷീറ്റ് മേഞ്ഞ വീട്ടിലാണ് അഭിരാമിയും കുടുംബവും താമസിച്ചിരുന്നത്. അർബുദം ബാധിച്ചതിനെ തുടർന്ന് സ്കൂളിൽ പോകാൻ കഴിയാതിരുന്ന അഭിരാമിക്ക് വീട് നിർമിക്കാൻ കെ.എസ്.ടി.എ തീരുമാനിച്ചു. ചികിത്സക്കിടെ വെല്ലൂരിൽ വെച്ച് 2020 ഏപ്രിൽ ഒന്നിന് അഭിരാമി മരിച്ചു. എങ്കിലും പഴയ വീടിനു സമീപത്തെ മൂന്നര സെൻറിൽ പുതിയ വീട് നിർമാണവുമായി സംഘടന മുന്നോട്ടുപോയി. കൽപ്പണിക്കാരനായ അജിയുടെയും വീട്ടമ്മയായ നിഷയുടെയും മകളാണ് അഭിരാമി. ഏക സഹോദരി അനഘ ശ്രീചിത്രാ ഹോംസ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
അഭിരാമി ഭവനു സമീപം ചേരുന്ന യോഗത്തിൽ കെ. ആൻസലൻ എം.എൽ.എ , സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.