രോഗികളില്ലാതെ സൈറൻമുഴക്കി പായുന്ന ആംബുലൻസുകളുടെ എണ്ണം വർധിക്കുന്നു
text_fieldsബാലരാമപുരം: രോഗികളില്ലാതെ സൈറൻ മുഴക്കി അമിത വേഗത്തിൽ ആംബുലൻസുകൾ പായുമ്പോഴും നടപടി സ്വീകരിക്കാതെ പോകുന്നതായി നാട്ടുകാരിൽ പരക്കെ ആക്ഷേപമുയരുന്നു. മോട്ടോർവാഹനവകുപ്പിന്റെയും പൊലീസിന്റെയും മുന്നിലൂടെയാണ് നിയമം ലംഘിച്ച് കൊണ്ടുള്ള യാത്ര തുടരുന്നത്. നിയമം ലംഘിച്ച് പായുന്ന ആംബുലൻസ് പലപ്പോഴും അപകടം വരുത്തുന്ന തരത്തിലാണ്. പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലോടുന്ന ആംബുലൻസുകളിലെറെയുമാണ് ഇത്തരം നിയമലംഘനം നടത്തുന്നതെന്നും നാട്ടുകാരും പറയുന്നു. ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് കൊണ്ടുപോകുന്ന രോഗികളെ പോലും സൈറൻ മുഴക്കിയാണ് പായുന്നത്.
അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസുകളിൽ രോഗിയുമായി പോകുമ്പോൾ മാത്രേമ സൈറൻ ഉപയോഗിക്കാവൂ എന്ന നിയമമാണ് പലപ്പോഴും ലംഘിക്കപ്പെടുന്നത്. മരിച്ചവരുമായി പോകുമ്പോൾ സൈറൻ മുഴക്കാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും സ്വാകാര്യ ആംബുലൻസുകൾക്ക് ഇത് ബാധകമല്ലെന്ന തരത്തിലാണ് യാത്ര തുടരുന്നത്. ആംബുലൻസ് ഓടിക്കുന്നതിന് വേണ്ട പ്രാവീണ്യമില്ലാത്തവരാണ് ഡ്രൈവർമാരായി വരുന്നവരിൽ പലരുമെന്ന് ആക്ഷേപവുമുണ്ട്.
വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആംബുലൻസുകളിൽ തുച്ഛമായ ശമ്പളത്തിന് ഡ്രൈവർമാരെ ജോലിക്ക് നിയമിക്കുമ്പോൾ യോഗ്യത നോക്കാറില്ല. പൊലീസ് സ്റ്റേഷനിലെത്തുന്ന ഓട്ടങ്ങൾ പോകുന്നതിന് വിളിക്കുന്നത് കൊണ്ട് പലപ്പോഴും പൊലീസും ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മടികാണിക്കുന്നു. വേണ്ടത്ര ഫിറ്റ്നസില്ലാത്ത ഓമ്നി ആംബുലൻസുകളുടെ യാത്ര പലപ്പോഴും അപകടം വരുത്തുന്ന തരത്തിലാണെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.