കച്ചേരിക്കുളം സംരക്ഷിക്കാൻ നടപടിയുമായി ബാലരാമപുരം പഞ്ചായത്ത്
text_fieldsബാലരാമപുരം: വർഷങ്ങളായി മാലിന്യം നിക്ഷേപിക്കുന്ന കച്ചേരിക്കുളം സംരക്ഷിക്കാനുള്ള നടപടിയുമായി ബാലരാമപുരം ഗ്രാമപഞ്ചായത്ത്. കച്ചേരിക്കുളത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ‘മാധ്യമം’റിപ്പോർട്ട് ചെയ്തിരുന്നു. കുളം സംരക്ഷിക്കാനുള്ള നടപടി അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി. മോഹനൻ പറഞ്ഞു.
ഗുരുതര ആരോഗ്യ പ്രശ്നത്തിനിടയാക്കുന്ന തരത്തിലാണ് കച്ചേരിക്കുളത്തിൽ മാലിന്യം തള്ളുന്നത്. കുളത്തിൽ മാലിന്യം കത്തിക്കുന്നതും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. രാജഭരണകാലം മുതൽ കൃഷിക്കും ഇതര ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന നീർത്തടമാണ് മാലിന്യത്താൽ നിറഞ്ഞത്. രാത്രിയും പകലും മാലിന്യം കത്തിക്കുന്നതിനാൽ പരിസരവാസികൾക്ക് വീടുകളിൽ താമസിക്കാൻ പോലും ബുദ്ധിമുട്ടാണ്.
മുമ്പ് ലക്ഷങ്ങൾ മുടക്കി കച്ചേരിക്കുളം സംരക്ഷിക്കാൻ നടപടി സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല. കുളത്തിൽ കുളവാഴകൾ നിറഞ്ഞിരിക്കുകയാണ്. കുളത്തിന്റെ ഇരുകരകളിലും കൈയേറ്റം നടക്കുന്നതായും ആക്ഷേപമുണ്ട്.
രാജഭരണകാലത്ത് വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും വേണ്ടി നിർമിച്ചതാണ് കുളം. വെങ്ങാനൂർ ഏലായിലെ കൃഷിക്കും മറ്റും ഇവിടുത്തെ ജലമാണ് ഉപയോഗിച്ചിരുന്നത്.
മാലിന്യം നീക്കിയ ശേഷം കുളത്തിന്റെ അവശേഷിക്കുന്ന ഭാഗം സംരക്ഷിക്കാനുള്ള നടപടിയിലാണ് പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.