വ്യാപാര സ്ഥാപനം പെട്രോളൊഴിച്ച് കത്തിച്ച സംഭവം: പ്രതികൾ പൊലീസിനെ വട്ടം ചുറ്റിക്കുന്നു
text_fieldsബാലരാമപുരം: വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് തീയിട്ട് നശിപ്പിച്ച സംഭവത്തിലെ പ്രതികളെ തെളിവോടെ പിടികൂടാൻ കഴിയാതെ പൊലീസ് വലയുന്നു. ബാലരാമപുരം ഐത്തിയൂരിൽ അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി സ്റ്റോറാണ് ഒരാഴ്ച മുമ്പ് പെട്രോളോഴിച്ച് കത്തിച്ച് കടയിലെ സാധനങ്ങൾ പുറത്തിട്ട് കത്തിച്ചത്.
ഫിംഗർ പ്രിന്റും ഡോഗ് സ്ക്വോഡുമുൾപ്പെടെ പരിശോധന നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. എൺപതിലേറെ സി.സി.ടി.വി കാമറകളും നൂറുകണക്കിന് മെബൈൽ ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇരുപതിലെറെ പേരുടെ കോൾ ലിസ്റ്റുകളും പ്രദേശത്തും സമീപപ്രദേശങ്ങളിലുമുള്ള മെബൈൽ ടവർ കേന്ദ്രീകരിച്ചുള്ള ഫോൺ കോളുകളും പരിശോധിച്ചുവരുന്നു. പ്രതികളെന്ന് സംശയമുള്ളവരെ നിരീക്ഷിച്ച് വരുന്നു.
സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിൽ ബാലരാമപുരം മുടവൂർപാറ ഭാഗത്തുനിന്ന് ബൈക്കിൽ മൂന്നുപേരെത്തി കടക്കുനേരെ ആക്രമണം നടത്തുന്നതായാണ് ദൃശ്യങ്ങളിലൂടെ കണ്ടെത്താൻ സാധിച്ചത്. മുമ്പ് പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
എന്നാൽ സംഭവ സമയത്ത് വടക്കേവിള ഭാഗത്ത് മൂന്നുപേർ ഒരു ബൈക്കിൽ യാത്രചെയ്ത് ഐത്തിയൂരിലെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നു. പരിശോധിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഏറെയും രാത്രിയിലായതിനാൽ വ്യക്തമല്ല. ഇതേവരെ പ്രതിയെ പിടിക്കാൻ കഴിയാത്തത് പൊലീസിന് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ്. പ്രതിയെ എത്രയുംവേഗം പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാരിലുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.