ജില്ലയിലെ 40 പ്രീസ്കൂളുകളിൽ ശിശുസൗഹൃദ പ്രവർത്തനമൂല
text_fieldsബാലരാമപുരം: ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ അവണാകുഴി ഗവ.എൽ.പി.എസ്, പി.വി.എൽ.പി.എസ് കുഴിവിള, ഗവ. എൽ.പി.എസ് നെല്ലിവിള ഉൾപ്പെടെ ജില്ലയിലെ പൊതു വിദ്യാലയങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന 40 പ്രീപ്രൈമറി സ്കൂളുകളിൽ ശിശുസൗഹൃദ പ്രവർത്തനമൂലകളൊരുക്കുന്നു. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രീസ്കൂൾ അധ്യാപകർക്ക് ഇതിനുള്ള ഒന്നാംഘട്ട പരിശീലനം പൂർത്തിയായി.
പദ്ധതിയുടെ ഭാഗമായി പ്രീസ്കൂൾ ക്ലാസ് മുറികൾ ആകർഷകമാക്കും. ശേഷികളുടെ വിനിമയം ലക്ഷ്യമാക്കി അഭിനയമൂല, ചിത്രകലാമൂല, സംഗീതമൂല, നിർമാണമൂല, വായനമൂല, ഗണിതമൂല, ശാസ്ത്രമൂല എന്നിവ സജ്ജമാക്കും.
ഇതിന് പ്രാദേശികവിദഗ്ധർ, പൂർവവിദ്യാർഥികൾ, കലാകാരന്മാർ എന്നിവരുടെ സഹായം തേടും. തെരഞ്ഞെടുത്ത വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇവയോടൊപ്പം അധ്യാപക രക്ഷാകർതൃസമിതിയുടെ സാമ്പത്തികസഹായം കൂടി ലഭ്യമാക്കും.
പദ്ധതി വിജയിപ്പിക്കുന്നതിന് വിവിധതലങ്ങളിൽ വിദ്യാഭ്യാസ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഒാഫിസർ വി. റെനി പറഞ്ഞു. നെയ്യാറ്റിൻകരയിൽ ശാസ്താംതല യു.പി.എസും കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂളും അരുമാനൂർതുറ ന്യൂ എൽ.പി.എസും ശിശുസൗഹൃദ പ്രീ സ്കൂളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.