ആര്യക്ക് കൈത്തറിയുടെ നാട്ടിലെ ആദ്യ സിവിൽ സർവിസ്
text_fieldsബാലരാമപുരം: കൈത്തറിയുടെ നാട്ടിൽ സിവിൽ സർവ്വീസ് പരീക്ഷക്ക് 36 ാം റാങ്ക് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഒരു നാട്. ബാലരാമപുരം തേമ്പാമുട്ടം തലയൽ ശിവൻകോവിലിന് സമീപം ആവണിയിൽ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ വെങ്കിടേശ്വരൻ പോറ്റിയുടെയും റിട്ട. അധ്യാപിക മിനിയുടെയും മകൾ ആര്യ വി.എം ആണ് 36 ാം റാങ്ക് നേടിയത്.
ബാലരാമപുരത്ത് ആദ്യം സിവിൽ സർവ്വീസ് നേടുന്ന വ്യകതിയാണ് ആര്യ. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും വീണ്ടും നടത്തിയ കഠിന പരിശ്രമമാണ് ആര്യക്ക് നേട്ടമായത്. എട്ടാം ക്ലാസിൽ തുടങ്ങിയ ആഗ്രഹം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആര്യയും കുടുംബവും. ആര്യയുടെ വിജയം ആഘോഷിക്കാനായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും അനുമോദനവുമായി നിരവധി പേരെത്തുന്നു.
പത്താംക്ലാസ് വരെ വിവേകാന്ദ പബ്ലിക് സ്കൂളിലും ശേഷം പ്ലസ്ടു വരെ വിശ്വഭാരതി സ്കൂളിലും ഡിഗ്രി ഇംഗ്ലീഷ് വഴുതക്കാട് വിമൻസ് കോളേജിലും എം.എ. പോണ്ടിച്ചേരിയിലുമായിട്ടാണ് പഠിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്ന ആര്യയുടെ ആഗ്രഹത്തിന് വീട്ടുകാർ എല്ലാ സൗക്യവുമൊരുക്കികൊടുത്തിരുന്നു. വീട്ടുകാരുടെ പ്രചോദനമാണ് സിവിൽ സർവ്വീസ് നേടുന്നതിന് പ്രാപ്തയാക്കിയതെന്ന് ആര്യ പറയുന്നു.
പ്രളയകാലത്തും, നിപ്പയും കോവിഡ് കാലത്തും കലക്ടർമാരുടെ പ്രവർത്തനമാണ് ഐ.എ.എസിന് പ്രചോദനമായത്. ഐ.എ.എസ് നേടിയാൽ സാമൂഹികസേവനത്തിന് സാധിക്കുമെന്നതുകൊണ്ടാണ് തെരഞ്ഞെടുത്തതെന്ന് ആര്യ പുഞ്ചിരിയോടെ പറയുന്നു.
മുഴുവൻ സമയ പുസ്തക പുഴുവായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. ദിവസവും ആറുമണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ പഠിക്കുമായിരുന്നു. എന്നാൽ ബോറടിക്കുന്ന ദിവസങ്ങളിൽ പഠിക്കാറുമില്ലെന്നും ആര്യ. ടൂറിസം ഡിപ്പാർട്ട്മെന്റിൽ ഗസ്റ്റായി ജോലി നോക്കിയിരുന്നു.
ആര്യയെ അഭിനന്ദിക്കാനായി എ.എ. റഹീം എംപിയും, ബാലരാമപുരം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.