പരിമിതികളിൽ തളരാനില്ല; കർമനിരതനായി ദിലീപ് കുമാർ
text_fieldsബാലരാമപുരം: ശാരീരിക വൈകല്യങ്ങളിൽ തളരാതെ ജീവിതത്തോട് പൊരുതി മുന്നേറുകയാണ് വില്ലേജ് ഓഫിസർ ദിലീപ് കുമാർ. രണ്ടാഴ്ച മുമ്പ് നെയ്യാറ്റിൻകരയിൽ വില്ലേജ് ഓഫിസറായി ചുമതലയേറ്റ ഇദ്ദേഹത്തിന് ശാരീരിക പരിമിതികൾ കൃത്യനിർവഹണത്തിന് തടസ്സമല്ല. ഓഫിസിലെത്തുന്നവർക്ക് സാധ്യമായ സേവനം എത്രയും വേഗം നൽകണമെന്ന് ദിലീപ് കുമാറിന് നിർബന്ധമുണ്ട്.
നെയ്യാറ്റിൻകര തൊഴുക്കൽ ഭാസ്കർ റോഡിൽ ഉത്രാടത്തിൽ ദിലീപ് കുമാർ ഓഫിസിലെത്തുമ്പോൾ ഇരിപ്പിടമായി ഉപയോഗിക്കുന്നത് സ്വന്തം കാറിലെ സീറ്റാണ്. തൃശൂരിലെ വർക്ക്ഷോപ് മെക്കാനിക്ക് വഴിയാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സീറ്റും കാറിന് പിൻവശത്തുകൂടി ഇറങ്ങാനുള്ള റാംപോടുകൂടിയ വാതിലുകളുമെല്ലാം കാറിൽ സജ്ജമാക്കിയത്. റിമോട്ട് കൺട്രോളിലൂടെ കാറിലെ സീറ്റ് ഉയർത്താനാനും ചലിപ്പിക്കാനുമാവും.
ഓഫിസിലെത്തിയാൽ റാംപിലൂടെ പുറത്തിറങ്ങി ഓഫിസിലെ കസേരയായി മാറും. ബാറ്ററി ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഓഫിസറുടെ മേശയുടെ ഉയരത്തിനും സൗകര്യത്തിനുമനുസരിച്ച് സീറ്റ് ഉയർത്തുന്നതിനും താഴ്ത്തുന്നതിനും സാധിക്കുന്നു.
ശാരീരിക വൈകല്യങ്ങളിൽ ബുദ്ധിമുട്ടിലായിരുന്ന ദിലീപ് കുമാർ പരസഹായമില്ലാതെ ജോലിക്കെത്തണമെന്നുള്ള ആഗ്രഹത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പ്രത്യേക സൗകര്യങ്ങളൊരുക്കി സ്കൂട്ടർ നിർമിച്ചാണ് ജോലിക്കെത്തിയിരുന്നത്.
വിവാഹ ശേഷം കുടുംബവുമൊത്തുള്ള യാത്രക്കും ജോലിക്ക് പോകുന്നതിനും കാർ വേണമെന്ന ആഗ്രഹത്തെ തുടർന്ന് പ്രത്യേകം സജ്ജീകരിച്ച കാർ ഓടിച്ചുപഠിച്ചു. തുടർന്ന് ലൈസൻസിന് വേണ്ടി ശ്രമിച്ചപ്പോൾ പ്രതിബന്ധങ്ങൾ പലതായിരുന്നു. ഒടുവിൽ ലൈസൻസ് ലഭിച്ചു.
ഏതു മേഖലയിലായാലും വൈകല്യങ്ങളിൽ തളരാതെ മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് ദിലീപ് കുമാറിന് പറയാനുള്ളത്. സഞ്ചരിക്കുന്ന വഴികളിൽ തളർത്തുന്നതിന് പലരും ശ്രമിക്കുമെങ്കിലും അതിൽ തളരാതെ മുന്നേറണമെന്ന ഉപദേശവും ഇദ്ദേഹം നൽകുന്നു. വിനയ ശിവരാമനാണ് ഭാര്യ. മക്കൾ: ഉത്തര, ഉണ്ണിമായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.