വ്യാപാരികളും യാത്രക്കാരും ദുരിതത്തിൽ; ബാലരാമപുരം-വിഴിഞ്ഞം റോഡിൽ മാലിന്യം കുന്നുകൂടുന്നു
text_fieldsബാലരാമപുരം: ബാലരാമപുരം മാർക്കറ്റിന് സമീപത്തെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിനുമുന്നിൽ കുന്നുകൂടിയ മാലിന്യം വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. വിഴിഞ്ഞം റോഡിലെ ഈ മാലിന്യത്തിന് സമീപത്ത് കൂടി ദുർഗന്ധംമൂലം മൂക്കുപൊത്താതെ നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
മാലിന്യം നിക്ഷേപിച്ചാൽ പിഴയീടാക്കുമെന്ന ബോർഡിന് താഴെയാണ് മാലിന്യനിക്ഷേപം. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്.
പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതിനുപിന്നാലെയാണ് മാലിന്യക്കൂമ്പാരമുയരുന്നത്. മാലിന്യനിക്ഷേപം തടയുന്നതിന് ബാലരാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സർവകക്ഷിയോഗം ചേർന്ന് കാമറ സ്ഥാപിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡൻറ് വി. മോഹനന്റെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയകക്ഷികൾ, പഞ്ചായത്തംഗങ്ങൾ, റെസിഡൻറ്സ് അസോസിയേഷൻ, ഹരിതകർമസേന ഉൾപ്പെടെ വിവിധ സംഘടനകളെ ഉൾപ്പെടുത്തിയാണ് സർവകക്ഷി യോഗം. രാത്രികാലങ്ങളിൽ ബാലരാമപുരം പഞ്ചായത്ത് പ്രദേശങ്ങളിൽ മാലിന്യം തള്ളി കടന്നുകളയുന്നവരെ കണ്ടെത്താനാണ് രാത്രികാല സ്ക്വാഡുകൾ രൂപവത്കരിക്കുന്നത്. വിഴിഞ്ഞം റോഡിലെ മാലിന്യനിക്ഷേപത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.