ദേശീയപാത; വീട് പോകുമോ? ആശങ്കയിൽ നാട്ടുകാർ
text_fieldsബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത ബാലരാമപുരത്തുകൂടി കടന്നുപോകുന്നതിൽ ആശങ്കകളേറെയാണ്. ദേശീയപാത വികസനം നടപ്പാക്കുമെന്ന് പറയുമ്പോഴും നാട്ടുകാർ ചോദിക്കുന്ന നിരവധി ചോദ്യങ്ങളുമുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നിർമിക്കുന്ന ഭൂഗർഭ റെയിൽവേയും വിഴിഞ്ഞം-മംഗലപുരം റിങ് റോഡുമാണ് വലിയ ആശങ്ക ഉയർത്തുന്നത്.
ഇവ രണ്ടും കടന്നുപോകുന്നത് പള്ളിച്ചൽ, ബാലരാമപുരം ഗ്രാമപഞ്ചായത്തുകളിലൂടെയാണ്. എന്നാൽ ഈ റോഡ് പോകുന്നതിന്‍റെ നിജസ്ഥിതി അറിയാൻ ദിവസവും വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും കയറി ഇറങ്ങുന്നവരും നിരവധിയാണ്. ഇവ ഏതുവഴി കടന്നുപോകും, തങ്ങളുടെ ഭൂമിയും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുമോ എന്നൊന്നും അറിയാത്ത അവസ്ഥയിലാണിപ്പോൾ. അതിനാൽ ഭൂമി കൈമാറ്റങ്ങളും നടക്കുന്നില്ല.
70 മീറ്റർ വീതിയിൽ പാത നിർമിക്കുമെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോൾ പാത കടന്നുപോകുന്ന പ്രദേശത്തെ ഏറെക്കുറെ ഭാഗം തുടച്ചുനീക്കപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റിങ് റോഡ് നിർമാണത്തിനായി പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് 10-ാം വാർഡായ വടക്കേവിളയിലെ 23 സർവേ നമ്പറുകളിലെ ഭൂമി ഏറ്റെടുക്കുമെന്നാണ് വില്ലേജ് ഓഫിസിൽ ലഭിച്ചിരിക്കുന്ന വിവരം.
അതുപോലെ ഭൂഗർഭപാത നിർമാണം 40 മീറ്റർ താഴ്ചയിലായിരിക്കുമെന്നും പറയുന്നു. എന്നാൽ എവിടെക്കൂടിയാണ് കടന്നുപോവുക എന്ന് ഇപ്പോഴും വ്യകതമല്ല. വീടുകൾക്ക് എന്തെങ്കിലും സംഭവിക്കുമോയെന്നും പുതിയ വീടുകൾ വെക്കാമോയെന്നും ആശങ്കയുമായി അധികൃതരെ സമീപിക്കുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.