രോഗികളുടെ കാത്തിരിപ്പ് നീളുന്നു; കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനമില്ല; പ്രതിഷേധം ശക്തം
text_fieldsബാലരാമപുരം: കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്‍റെ അഭാവത്തിൽ രോഗികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമില്ല. ആഴ്ചകളായി പരാതികളും പ്രതിഷേധവും ഉയർന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ല. ഇതോടെ യാതന അനുഭവിക്കേണ്ടി വരുന്നത് രോഗികളാണ്.
നാല് ഡോക്ടർമാരും കിടത്തിചികിത്സയുമുള്ള ആശുപത്രിയിൽ ആകെയുള്ളത് ഒരു ഫാർമസിസ്റ്റ് മാത്രമാണ്. മൂന്ന് ഫാർമസിസ്റ്റുമാർ ഉള്ള ആശുപത്രിയിൽ രണ്ടുപേർ പലകാരണങ്ങൾകൊണ്ട് ജോലിക്ക് എത്തുന്നില്ല. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്തും തയാറാകുന്നില്ല.
ദിനംപ്രതി നാനൂറോളം രോഗികളാണ് ഒ.പിയിൽ എത്തുന്നത്. ഇവർക്ക് മരുന്നുവിതരണത്തിനാകട്ടെ നിലവിലുള്ളത് ഒരാളും. ഇതോടെ മണിക്കൂറുകളാണ് രോഗികൾക്ക് കാത്തുനിൽക്കേണ്ടിവരുന്നത്. രണ്ടുമണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥയുണ്ടെന്ന് രോഗികൾ പറയുന്നു. ഇതിനിടെ രോഗികളിൽ പലരും തളർന്നുവീണ സംഭവവും ഉണ്ടായിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
ബാലരാമപുരം: അടിയന്തരമായി ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കണമെന്നും ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിൽനിന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരം ഉടൻ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി. പോളിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
അടിയന്തരമായി രണ്ട് ഫാർമസിസ്റ്റുകളെ നിയമിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെൻറ് ഡി. പോൾ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. രവീന്ദ്രൻ, എൽ. ജോസ്, സിന്ധു, കർഷക കോൺഗ്രസ് കോവളം നിയോജകമണ്ഡലം പ്രസിഡന്റ് അമ്പിളി കുട്ടൻ എന്നിവർ പങ്കെടുത്തു. ഈ വിഷയങ്ങളിൽ അടിയന്തരമായി ഇടപെടുമെന്ന് സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച നിവേദനവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.