പഞ്ചായത്ത് തെരഞ്ഞെടുപ്പ്: നവമാധ്യമങ്ങളിൽ പ്രചാരണം സജീവം
text_fieldsബാലരാമപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിവിധ പാർട്ടിപ്രവർത്തകരുടെ നേതൃത്വത്തിൽ സമൂഹമാധ്യമ പ്രചാരണം സജീവമാകുന്നു. ഇതിനകം വാർഡുകൾ കേന്ദ്രീകരിച്ച് നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പുതന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാദേശികതലത്തിലുള്ളവരെ ആകർഷിക്കുന്നതരത്തിൽ സമൂഹമാധ്യമ പേജുകളും അക്കൗണ്ടുകളും വാട്സ്ആപ് ഗ്രൂപ്പുകളും ആരംഭിച്ചിരുന്നു. സ്ഥാനാർഥികളുടെ ചിത്രങ്ങളും മുൻ അംഗങ്ങളുടെ പ്രവർത്തനങ്ങളുമൊക്കെ ആയിട്ടാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണതുടക്കം.
ഇതിനിടെ വ്യാജ പേരുകളിലും േഫസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിദ്വേഷപ്രചാരണവും വ്യക്തിഹത്യയുമൊക്കെയാണ് വ്യാജന്മാരുടെ ലക്ഷ്യം. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്ത് വിജയം കൈവരിക്കുകയെന്നതാണ് ഇവരുടെ പദ്ധതി. വർഗീയ പ്രചാരണമടക്കം വോട്ട് നേടാനുള്ള എല്ല കുതന്ത്രങ്ങളും പയറ്റുന്നതിെൻറ ഭാഗമാണിത്. പല വാർഡുകളിലെയും പ്രത്യേക വിഷയങ്ങളിലിടപെട്ട് തെറ്റിദ്ധരിപ്പിക്കുന്നതരം പ്രചാരണം നടത്തുന്ന ഗ്രൂപ്പുകളും നിലവിലുണ്ടെന്ന് വോട്ടർമാർ പറയുന്നു. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിച്ചില്ലെങ്കിൽ പ്രദേശികതലത്തിൽ തെറ്റിദ്ധാരണകൾ വളർന്ന് വാക്കുതർക്കത്തിനും സംഘർഷത്തിനും സാധ്യതയുള്ളതായി സമൂഹമാധ്യമ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വാർഡുകൾ കേന്ദ്രീകരിച്ച് പാർട്ടി ഘടകങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലെ പ്രചാരണവും സജീവമാണ്. ന്യൂജൻ വോട്ട് നേടാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം സജീവമാകുന്നു.
തദ്ദേശതെരഞ്ഞെടുപ്പിൽ ഓരോ വാർഡിലെയും കന്നിവോട്ടർമാരെയും ന്യൂജൻ വോട്ടർമാരെയും കൈയിലെടുക്കുകയാണ് ലക്ഷ്യം. സമൂഹമാധ്യമങ്ങളിലെ സജീവമുള്ളവരായ പാർട്ടി അണികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓരോ പാർട്ടികളും ചർച്ചകളും വിവാദങ്ങളും ചൂടാക്കിനിർത്തിയാണ് ശ്രദ്ധനേടാൻ ശ്രമിക്കുന്നത്.
ഇത്തവണത്തെ പ്രചാരണത്തിൽ വലിയൊരു പങ്ക് സമൂഹമാധ്യമങ്ങൾക്കുണ്ടാകുമെന്നാണ് പുതുതലമുറയിലെ വോട്ടർമാർ ഒന്നടങ്കം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.