റെയിൽവേ അനുമതി വൈകുന്നു; പ്രവൃത്തി നിലച്ച് ബാലരാമപുരം കുടിവെള്ള പദ്ധതി
text_fieldsബാലരാമപുരം: റെയിൽവേ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ബാലരാമപുരത്തെ കുടിവെള്ള പദ്ധതി നിലച്ചിട്ട് വർഷങ്ങൾ. കോടികൾ മുടക്കി ബാലരാമപുരം വാണിഗർതെരുവിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച വാട്ടർ ടാങ്കിൽ റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വെള്ളമെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്.
1993 മുതൽ റെയിൽവേക്ക് സംസ്ഥാനത്തെ വാട്ടർ അതോറിറ്റി നൽകാനുള്ള വേ ലീവിങ് ചാർജായ പതിഞ്ചരകോടി രൂപ നൽകിയാൽ മാത്രമേ റെയിൽവേ ലൈൻ മുറിച്ച് പൈപ്പിടുന്നതിന് അനുമതി നൽകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിരുന്നു. റെയിൽവേ മുക്കം പാലംമൂട് റെയിൽവേ ടണലിന് മുകളിലൂടെ പൈപ്പിടുന്നതിനാണ് അനുമതി തേടിയത്. ഇതോടെയാണ് ബാലരാമപുരത്തെ കുടിവെള്ള പദ്ധതി പ്രവൃത്തി നിലച്ചത്. പതിമൂന്നര കോടി രൂപ റെയിൽവേക്ക് നൽകിയതായി ജനപ്രതിനിധികൾ അറിയിക്കുമ്പോഴും പദ്ധതി നടപ്പായില്ല.അതേസമയം, കോടികളുടെ കുടിവെള്ള പദ്ധതി തടസ്സപ്പെടുത്തുന്നതാരെന്ന ചോദ്യവുമായി നാട്ടുകാരും രംഗത്തെത്തി.
2015ൽ നിർമാണം ആരംഭിച്ച് 2018ൽ പൂർത്തിയാക്കിയ പദ്ധതിയാണ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് നോക്കുകുത്തിയാകുന്നത്. നിരവധി തവണ റെയിൽവേക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും വിവിധ കാരണം പറഞ്ഞ് പദ്ധതിക്ക് അനുമതി നൽകാതെ പോകുന്നതായും ആക്ഷേപമുയർന്നിരുന്നു.
വണിഗർത്തെരുവ് കുടിവെള്ള പദ്ധതി നടപ്പാകുന്നതോടെ നാലും അഞ്ചും ദിവവസത്തിലൊരിക്കലുള്ള കുടിവെള്ള വിതരണത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും. 12 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക്, ഓഫിസ് കെട്ടിടവും എന്നിവ നിർമിച്ചിട്ടുണ്ട്. ഇനിയും ഉപയോഗിക്കാതെ ഇതേനില തുടർന്നാൽ ടാങ്ക് ഉപയോഗിക്കാൻ കഴിയാതെ നശിക്കാനും സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.