യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി മലിനജലമൊഴുക്ക്
text_fieldsബാലരാമപുരം: ബാലരാമപുരം ദേശീയപാതയിലൂടെ മലിനജലം ഒഴുകുന്നത് വാഹനയാത്രക്കാരെയും കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ബാലരാമപുരം ദേശീയപാതക്കരികിൽ കൊടിനട റോഡിലാണ് ദുരവസ്ഥ. പി.ഡബ്ല്യു.ഡിയുടെ അധീനതയിൽ വരുന്ന ഓടയായത് കാരണം പഞ്ചായത്ത് അധികൃതർ സമീപിച്ചെങ്കിലും അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലെന്ന കാരണത്താൽ കൈയൊഴിഞ്ഞു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണിക്കായി നടപടി ആരംഭിച്ചു. ഓടയിലൂടെ മാലിന്യം തുറന്നുവിടുന്നതിനെക്കുറിച്ചും പഞ്ചായത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കും.
കക്കൂസ് മാലിന്യമുൾപ്പെടെ ഓടയിലേക്ക് തുറന്നുവിട്ടതോടെയാണ് മലിനജലം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിരിക്കുന്നത്. വർഷങ്ങളായി തുടരുന്ന ബുദ്ധിമുട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് നാട്ടുകാർ അറിയിച്ചു.
കാട്ടാക്കട, കോവളം മണ്ഡലങ്ങൾ പങ്കിടുന്ന അതിർത്തി പ്രദേശമായത് കാരണം ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം. നിരവധി വീടുകളും മൂന്നിലെറെ സ്വകാര്യ ആശുപത്രികളും സ്ഥിതി ചെയ്യുന്ന കൊടിനട-വടക്കേവിള റോഡിലാണ് ദുരിതം.
രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മരുന്നുവാങ്ങുന്നതിനും ആഹാരം വാങ്ങുന്നതിനും മലിനജലത്തിൽ ചവിട്ടി പോകണം. അടിയന്തരമായി റോഡിലൂടെയുള്ള മലിനമൊഴുക്ക് തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.