ദേശീയപാതയിൽ ആഴ്ചകളായി ഓട പൊട്ടിയൊഴുകുന്നു; നടപടിയില്ല
text_fieldsബാലരാമപുരം: ദേശീയപാതയിൽ കൊടിനട ജങ്ഷനിലൂടെ ഓട പൊട്ടി ഒഴുകി മാസങ്ങൾ പിന്നിടുമ്പോഴും നടപടിയില്ല. കാട്ടാക്കട, കോവളം മണ്ഡലങ്ങൾ പങ്കിടുന്ന അതിർത്തിപ്രദേശമായതിനാലാണ് അരും തിരിഞ്ഞുനോക്കാത്തതെന്ന് നാട്ടുകാർ പറയുന്നു.
നിരവധി വീടുകളും മൂന്നിലെറെ സ്വകാര്യ ആശുപത്രികളും സ്ഥിതി ചെയ്യുന്ന കൊടിനട-വടക്കേവിള റോഡിലാണ് ഈ ദുരിതം. രോഗികളും കൂട്ടിരിപ്പുകാരും മരുന്നും ആഹാരവും വാങ്ങാൻപോകുന്നത് മലിനജലത്തിൽ ചവിട്ടിയാണ്. ട്രക്കർ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബുദ്ധിമുട്ടുകയാണ്.
പള്ളിച്ചൽ-ബാലരാമപുരം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമാണിവിടം. നാട്ടുകാരുടെ പരാതി ഗൗനിക്കാറേയില്ല. മാസങ്ങൾക്കുമുമ്പും പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള ഓടപൊട്ടി മലിനജലം ഒഴുകിയപ്പോൾ പി.ഡബ്ല്യു.ഡിയെ സമീപിച്ച് ഫലമില്ലാതായതോടെ പഞ്ചായത്ത് ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഓടകളിൽ മാലിന്യവും മണ്ണും നിറഞ്ഞാണ് മലിനജലം റോഡിലേക്കൊഴുകുന്നത്. രൂക്ഷമായ ദുർഗന്ധത്തോടൊപ്പം പകർച്ചവ്യാധി ഭീതിയിലുമാണ് വ്യാപാരികളും നാട്ടുകാരും. മഴ വന്നാൽ മലിന്യം റോഡിൽ കെട്ടിക്കിടക്കുകയാണ്.
ഡെങ്കിപ്പനി, എലിപ്പനി, മന്ത് രോഗികളും ഏറെയുള്ള പ്രദേശമാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളുള്ളപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം. കൊടിനട-വടക്കേവിള റോഡിൽ നൂറുകണക്കിന് വീടുകളാണുള്ളത്. അടിയന്തരമായി റോഡിലൂടെയുള്ള മാലിന്യമൊഴുക്ക് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.